ലോകമെമ്പടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതീകമായ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും ത്യാഗപൂർണ്ണമായ ജീവിതത്തിന്റെയും ഓർമ്മപ്പെടുത്തലുമായാണ് ഓരോ ബലിപെരുന്നാളും കടന്നുവരുന്നത്. ദൈവകൽപ്പനയ്ക്ക് മുന്നിൽ സ്വന്തം മകനെപ്പോലും ബലിനൽകാൻ തയാറായ ഇബ്രാഹിം നബിയുടെ സമർപ്പണ മനസ്സിന്റെ പ്രകീർത്തനമാണ് ഈ ദിനത്തിന്റെ കാതൽ.
പെരുന്നാളിന്റെ ഭാഗമായി പുലർച്ചെ മുതൽ തന്നെ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്കാരവും പ്രാർത്ഥനകളും നടന്നു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് ശേഷമുള്ള പെരുന്നാൾ ആയതിനാൽ വലിയ ജനപങ്കാളിത്തമാണ് പള്ളികളിലും ഈദ്ഗാഹുകളിലും ദൃശ്യമായത്. പ്രാർത്ഥനകൾക്ക് ശേഷം വിശ്വാസികൾ പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും പെരുന്നാൾ ആശംസകൾ കൈമാറി.
ബലിപെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ മൃഗബലി (ഉദുഹിയ്യത്ത്) നമസ്കാരത്തിന് ശേഷം വിവിധയിടങ്ങളിൽ നടന്നു. ഈ ബലിമാംസം മൂന്നായി വീതം വെച്ച് ഒരു പങ്ക് കുടുംബത്തിനും, ഒരു പങ്ക് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും, ശേഷിക്കുന്ന പ്രധാന പങ്ക് പാവപ്പെട്ടവർക്കും അശരണർക്കുമായി വിതരണം ചെയ്യുന്നതാണ് പെരുന്നാളിന്റെ രീതി. സമൂഹത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ഇസ്‌ലാമിന്റെ കാരുണ്യ സന്ദേശമാണ് ഇതിലൂടെ ഉയർത്തിപ്പിടിക്കുന്നത്.
വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ സമാപ്തി കുറിച്ച് നടത്തുന്ന ആഘോഷം കൂടിയായതിനാൽ പ്രവാസലോകത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ മലയാളി കൂട്ടായ്മകളിലും വിപുലമായ ഈദ് സംഗമങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഒപ്പം സഹജീവികളോടുള്ള കരുണയുടെയും സന്ദേശം പങ്കുവെക്കുന്ന ഈ പുണ്യദിനം, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒത്തുചേരുന്ന മാനവികതയുടെ വലിയൊരു ഉത്സവമായി മാറുകയാണ്.

