ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

ക്യാൻബറ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുമ്പെന്നത്തേക്കാളും ദൃഢമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും വ്യാപാര കരാറുകളും ഈ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം ഓസ്ട്രേലിയൻ പാർലമെന്റിൽ വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഓസ്ട്രേലിയൻ സന്ദർശനം ചരിത്രപരമായിരിക്കുമെന്നും അദ്ദേഹത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ രാജ്യം കാത്തിരിക്കുകയാണെന്നും അൽബനീസി പറഞ്ഞു. ഓസ്ട്രേലിയയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ വംശജർ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം അവിസ്മരണീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, ഈ ദശകത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുമെന്നും ഇത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വ്യാപാരം, സംസ്കാരം, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമെ ക്രിക്കറ്റ് എന്ന പൊതുവായ വികാരം ഇരുരാജ്യങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നുണ്ട്. പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യ, ആഗോള വിതരണ ശൃംഖല (സപ്ലൈ ചെയിൻ) എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ഓസ്ട്രേലിയ കൂടുതൽ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയെ പൂർണ്ണമായും സ്വതന്ത്രവും, തുറന്നതും, സുരക്ഷിതവും, സമൃദ്ധവുമായി നിലനിർത്താൻ ഇന്ത്യയും ഓസ്ട്രേലിയയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ്ങും പ്രധാനമന്ത്രി മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും പ്രത്യേകം ഊന്നിപ്പറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളിൽ വലിയ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *