ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ പ്രമുഖ പൊതുമേഖലാ ക്ലൗഡ് സേവനദാതാക്കളായ ‘സോൾവിനിറ്റി’ (Solvinity) കമ്പനിയെ യുഎസ് ഐടി ഭീമനായ ‘കിൻഡ്രിൽ’ ഏറ്റെടുക്കുന്നത് ഡച്ച് സർക്കാർ ഔദ്യോഗികമായി തടഞ്ഞു. വിദേശ നിക്ഷേപ പരിശോധനാ ചട്ടങ്ങൾ പ്രകാരം ഒരു അമേരിക്കൻ കമ്പനിയുടെ നിക്ഷേപമോ ഏറ്റെടുക്കലോ നെതർലൻഡ്‌സ് വിലക്കുന്നത് ഇതാദ്യമായാണ്. രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായ ‘ഡിജിഡി’ ഉൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സോൾവിനിറ്റി കമ്പനിയായതിനാലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ ശക്തമായ നടപടി.
ഏകദേശം 100 മില്യൺ യൂറോ മൂല്യം കണക്കാക്കിയിരുന്ന ഈ ഏറ്റെടുക്കൽ കരാർ പൊതുതാത്പര്യത്തിനും രാജ്യസുരക്ഷയ്ക്കും ഭീഷണിയായേക്കാം എന്ന നിക്ഷേപ പരിശോധനാ ബ്യൂറോയുടെ കണ്ടെത്തലിനെ തുടർന്നാണ് ഡിജിറ്റൽ ഇക്കണോമി മന്ത്രി വില്ലെമിൻ എർഡ്‌സ് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്. അമേരിക്കൻ നിയമങ്ങൾ പ്രകാരം യുഎസ് ആസ്ഥാനമായുള്ള കമ്പനികൾക്ക് വിദേശത്തുള്ള ഡാറ്റ പരിശോധിക്കാൻ അനുമതി നൽകുന്ന ‘ക്ലൗഡ് ആക്ട്’ നിലവിലുണ്ട്. ഇതുവഴി ഡച്ച് പൗരന്മാരുടെ നികുതി, ആരോഗ്യം, പെൻഷൻ തുടങ്ങിയ അതീവ രഹസ്യവിവരങ്ങൾ യുഎസ് അധികാരികളുടെ പരിധിയിൽ വന്നേക്കാമെന്ന ആശങ്കയാണ് നെതർലൻഡ്‌സിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഈ നടപടിയിൽ തങ്ങൾ അങ്ങേയറ്റം നിരാശരാണെന്നും പ്രക്രിയ രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്നും കിൻഡ്രിൽ പ്രതികരിച്ചു

