ഹോർമുസ് കടലിടുക്ക് തർക്കം, ഒമാനെ ‘ബോംബെറിഞ്ഞ് തകർക്കുമെന്ന്’ ട്രംപിന്റെ ഭീഷണി; പ്രസ്താവന വിവാദത്തിലേക്ക്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് യുഎസ് നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ഗൾഫ് രാഷ്ട്രമായ ഒമാനെ ‘ബോംബെറിഞ്ഞ് തകർക്കേണ്ടി വരുമെന്ന’ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിനിടയിലാണ് ട്രംപ് ഈ വിവാദ പരാമർശം നടത്തിയത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടു ക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സംയുക്തമായി ടോൾ ഈടാക്കുന്നതിനെക്കുറിച്ച് ഇറാനും ഒമാനും ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന രാജ്യാന്തര പാതയാണിത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഈ പാത അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുതന്നെ നൽകുമെന്ന് യുഎസ് ഉറപ്പാക്കു മെന്നും കൂട്ടിച്ചേർത്തു. “കടലിടുക്ക് എല്ലാവർക്കുമായി തുറന്നിടും, ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല. ഒമാൻ മറ്റെല്ലാവരെയും പോലെ മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം നമുക്ക് അവരെ ബോംബെറിഞ്ഞ് തകർക്കേണ്ടി വരും,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഒമാനെതിരെ ട്രംപ് ഇത്തരമൊരു പരാമർശം നടത്തിയത് വലിയ ആശ്ചര്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. ട്രംപിന് അബദ്ധം സംഭവിച്ചതാണോ അതോ ഇറാന് പകരം ഒമാൻ എന്ന് മാറി പറഞ്ഞതാണോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയരുന്നുണ്ടെങ്കിലും, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ട്രംപിന്റെ ഈ പ്രസ്താവന ഔദ്യോഗികമായിത്തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ ലംഘിച്ചുകൊണ്ട് കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെയും ഒമാന്റെയും നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്ന മുന്നറിയിപ്പാണ് ട്രംപ് ഇതിലൂടെ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *