കോംഗോയിലെ എബോള വ്യാപനം, മരണനിരക്ക് 50 ശതമാനം വരെ ഉയരാമെന്ന് ലോകാരോഗ്യ സംഘടന; വെടിനിർത്തലിന് ആഹ്വാനം

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) പടർന്നുപിടിക്കുന്ന എബോള രോഗബാധയുടെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സ്ഥിരീകരിച്ച കേസുകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണിതെന്നും രോഗം ബാധിക്കുന്ന പത്തുപേരിൽ അഞ്ചുപേർ വരെ മരണപ്പെടാൻ സാധ്യതയുണ്ടെന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും ഡബ്ല്യുഎച്ച്ഒയുടെ ഹൈ-ത്രെറ്റ് പാത്തോജൻസ് വിഭാഗത്തിലെ അനൈസ് ലെഗാൻഡ് ജനീവയിൽ വാർത്താലേഖകരോട് പറഞ്ഞു.

അതേസമയം, രോഗബാധ സ്ഥിരീകരിച്ച ശേഷം രണ്ട് തവണ നെഗറ്റീവ് ആയതിനെ തുടർന്ന് ഒരു രോഗി മെയ് 27-ന് ആശുപത്രി വിട്ടത് ആശ്വാസകരമായ വാർത്തയാണ്. ഈ രോഗവ്യാപനത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ രോഗമുക്തിയാണിത്. മെയ് 15-ന് ഔദ്യോഗികമായി എബോള വ്യാപനം പ്രഖ്യാപിച്ചതു മുതൽ ഇതുവരെ കോംഗോയിൽ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 10 മരണങ്ങൾ സ്ഥിരീകരിച്ചവയും 223 മരണങ്ങൾ സംശയാസ്പദമായവയുമാണ്.

രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ എത്തിയിട്ടുണ്ട്. രോഗബാധയുടെ പ്രഭവകേന്ദ്രമായ വടക്കുകിഴക്കൻ പ്രവിശ്യയായ ഇറ്റൂരി അദ്ദേഹം സന്ദർശിക്കും. എബോളയെ പ്രതിരോധിക്കാൻ സാധിക്കുമെന്നും എന്നാൽ അതിർത്തികൾ അടച്ചിടുന്നത് ഇതിന് പരിഹാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം തിരിച്ചറിയാൻ വൈകിയതിനാൽ നിലവിൽ പുറത്തുവന്ന കണക്കുകളേക്കാൾ വലിയ തോതിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ടാകാമെന്നാണ് സംഘടന വിലയിരുത്തുന്നത്.

ആയുധധാരികളായ വിവിധ വിമത ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന അതീവ സംഘർഷഭരിതമായ മേഖലയിലാണ് രോഗം പടരുന്നത് എന്നത് പ്രതിരോധ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ എല്ലാ പോരാളികളോടും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ടെഡ്രോസ് നേരിട്ട് അഭ്യർത്ഥിച്ചു. ഒരു കാരണവും പ്രതിരോധിക്കാൻ കഴിയുന്ന ഒരു രോഗം മൂലം നിരപരാധികളായ ജനങ്ങൾ മരണപ്പെടുന്നതിന് തുല്യമാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2025 ജനുവരി മുതൽ കിഴക്കൻ കോംഗോയിൽ നിന്ന് 2.45 ലക്ഷത്തിലധികം ആളുകളാണ് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.

നിലവിലെ എബോള വ്യാപനത്തിന് കാരണമായ ‘ബുണ്ടിബുഗ്യോ’ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ ചികിത്സയോ ലഭ്യമല്ല. എങ്കിലും പ്രതിരോധ വാക്സിനുകളുടെയും മരുന്നുകളുടെയും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്. ഈ വർഷം അവസാന ത്തോടെ വാക്സിൻ സജ്ജമായേക്കുമെന്ന് ആഫ്രിക്കൻ യൂണിയന്റെ ആരോഗ്യ ഏജൻസി മേധാവി ജീൻ കസേയ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, രോഗവ്യാപനം തടയാൻ അയൽരാജ്യമായ ഉഗാണ്ട കോംഗോ യുമായുള്ള അതിർത്തികൾ അടച്ചിട്ടത് അനധികൃതമായ അതിർത്തി കടക്കലുകൾ വർദ്ധിപ്പിക്കുമെന്നും ഇത് നിരീക്ഷണം കൂടുതൽ ദുഷ്കരമാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *