വിൽനിയസ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് കടക്കാനായി ബെലാറൂസ് അതിര്‍ത്തി വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തിലധികം കുടിയേറ്റക്കാരെ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങള്‍ തിരിച്ചയച്ചു. 2021 ലെ വേനല്‍ക്കാലത്ത് ബെലാറൂസ് കേന്ദ്രീകരിച്ച് സംഘടിത കുടിയേറ്റ ശ്രമങ്ങള്‍ ആരംഭിച്ചതു മുതലുള്ള ആകെ കണക്കാണിത്. ലിത്വാനിയയുടെ സ്റ്റേറ്റ് ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടത്.
അതിര്‍ത്തി കടക്കാനെത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേരെ തിരിച്ചയച്ചത് പോളണ്ടാണ്; 1,35,810 കുടിയേറ്റക്കാരെയാണ് പോളണ്ട് അതിര്‍ത്തിയില്‍ തടഞ്ഞത്. ലാത്വിയ 39,724 പേരെയും ലിത്വാനിയ 24,508 പേരെയും തിരിച്ചയച്ചു. ഇതില്‍ പല വ്യക്തികളും ഒന്നിലധികം തവണ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരാ ണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ലിത്വാനിയ-ബെലാറൂസ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ശക്തമായ സുരക്ഷാ വേലികളും അത്യാധുനിക വീഡിയോ നിരീക്ഷണ സംവിധാനങ്ങളുമാണ് ഈ കുടിയേറ്റ ഒഴുക്ക് നിയന്ത്രിക്കാന്‍ സഹായിച്ചതെന്ന് ലിത്വാനിയന്‍ അതിര്‍ത്തി സുരക്ഷാ വിഭാഗം അറിയിച്ചു. അടുത്തിടെ നടന്ന ഭൂരിഭാഗം കടന്നുകയറ്റ ശ്രമങ്ങളും ലിത്വാനിയന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തടയാന്‍ സുരക്ഷാ സേനയ്ക്ക് സാധിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന് തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെത്തുടര്‍ന്ന്, ഇയു (EU) രാജ്യങ്ങളിലേക്ക് കടക്കുന്ന കുടിയേറ്റക്കാരെ തടയുന്നത് ബെലാറൂസ് അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ 2021-ല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വലിയ തോതിലുള്ള കുടിയേറ്റ ശ്രമങ്ങള്‍ തുടങ്ങിയത്. നിലവില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും 20-നും 40-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് ലിത്വാനിയന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ ഭൂരിഭാഗവും ലിത്വാനിയയില്‍ അഭയം തേടുന്നതിനേക്കാള്‍ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറാനാണ് ലക്ഷ്യമിടുന്നത്

