എബോള പടർപ്പ്: 906 പേർക്ക് രോഗബാധ സംശയം; 223 മരണങ്ങൾ

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ തുടരുന്ന എബോള പകർച്ചവ്യാധിയിൽ ഇതുവരെ 906 സംശയാസ്പദ രോഗബാധകളും 223 സംശയാസ്പദ മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മരണങ്ങളും രോഗബാധകളും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് സംഘടന വ്യക്തമാക്കി.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കണ്ടെത്തിയ എബോളയുടെ ബുണ്ടിബുഗ്യോ (Bundibugyo) വകഭേദം മൂലമാണ് നിലവിലെ പകർച്ചവ്യാധി. ഈ വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലെന്നാണ് WHO വ്യക്തമാക്കുന്നത്.

കോംഗോയിലെ ഇതുരി പ്രൊവിൻസ്, നോർത്ത് കിവു , സൗത്ത് കാവു എന്നീ പ്രദേശങ്ങളിൽ 125 സ്ഥിരീകരിച്ച രോഗബാധകളും 17 സ്ഥിരീകരിച്ച മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ റിപ്പോർട്ട് ചെയ്ത ചില കേസുകൾ കോംഗോയിൽ നിന്നെത്തിയവരുമായി ബന്ധപ്പെട്ടതാണെന്ന് WHO അറിയിച്ചു. രോഗം വ്യാപകമാകുന്നതിന് മുമ്പ് ഏറെക്കാലം തിരിച്ചറിയപ്പെടാതെ പോയതാണ് ആരോഗ്യവിദഗ്ധരിൽ ആശങ്ക ഉയർത്തുന്നത്.

ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെയാണ് വൈറസ് പടർന്നതെന്നും ഇത് രോഗബാധിതരുടെ സമ്പർക്കവലയങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനും വെല്ലുവിളിയാകുന്നുവെന്നും WHO മുന്നറിയിപ്പ് നൽകി. സ്ഥിരീകരിച്ച കേസുകളിൽ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെ എത്താമെന്നാണ് WHO വിലയിരുത്തൽ. അതേസമയം പരിശോധനാ ശേഷി വർധിപ്പിക്കുകയും സംശയാസ്പദ കേസുകളുടെ സാമ്പിളുകൾ വേഗത്തിൽ പരിശോധിക്കുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സംഘടന അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തിയോ എന്നത് വ്യക്തമാക്കാൻ ഇനിയും സമയമെടുക്കുമെന്നും WHO വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *