സിഡ്നിയിൽ ‘നമ്മുടെ ഓണം 2026’ ഒരുങ്ങുന്നു; ടിക്കറ്റ് പ്രകാശനം മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി നിർവഹിച്ചു

സിഡ്നി: പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി ആഘോഷങ്ങളിലൊന്നിന് ഓസ്ട്രേലിയൻ മണ്ണ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (SIAA) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും സംയുക്തമായി സംഘടിപ്പിക്കുന്ന “നമ്മുടെ ഓണം 2026” എന്ന മെഗാ ഓണം കൺസേർട്ടിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ പാരമറ്റയിൽ നടന്നു. പാരമറ്റ ഗ്രാൻഡ് ബവാർച്ചി ഫംഗ്ഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ, മുൻ കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി എം.പി ടിക്കറ്റ് ലോഞ്ചിംഗ് ഔദ്യോഗികമായി നിർവഹിച്ചു.

2026 ഓഗസ്റ്റ് 23 ഞായറാഴ്ച സിഡ്നിയിലെ ഗ്രാൻവില്ലിയിൽ വെച്ചാണ് വിപുലമായ രീതിയിലുള്ള ഈ ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്. പ്രശസ്ത പിന്നണി ഗായിക അമൃത സുരേഷ് നയിക്കുന്ന മെഗാ മ്യൂസിക് ഷോയാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം. “വൈവിധ്യങ്ങളിൽ ഏകത്വം” എന്ന ആശയത്തിലൂന്നി, വ്യത്യസ്ത ഇന്ത്യൻ സമൂഹങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് ഈ വർഷത്തെ ഓണാഘോഷത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. “One Community, One Celebration” എന്ന ശക്തമായ സന്ദേശവുമായാണ് SIAAയും Indian Overseas Congress Australiaയും ഈ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും പ്രമുഖ സാംസ്കാരിക-രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും പഞ്ചാബ് ലാർജ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബോർഡ് മുൻ ചെയർമാനുമായ പവൻ ദേവാൻ, IOC നാഷണൽ പ്രസിഡന്റ് മനോജ് ഷിയോറൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

കേരളത്തിന്റെ തനതായ സംസ്കാരവും ഓണത്തിന്റെ മഹിമയും മലയാളി ഇതര സമൂഹങ്ങളിലേക്ക് കൂടി എത്തിക്കുക, അതുവഴി പരസ്പര സൗഹാർദ്ദവും സാംസ്കാരിക കൈമാറ്റവും സാധ്യമാക്കുക എന്ന ഉദാത്തമായ ലക്ഷ്യമാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിലുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി. പരമ്പരാഗതമായ തനിമയും ആധുനിക സംഗീത വിരുന്നും ഒത്തുചേരുന്ന ഈ വൻപിച്ച ഓണാഘോഷ പരിപാടിയിലേക്ക് ഓസ്ട്രേലിയയിലെ എല്ലാ മലയാളി-ഇന്ത്യൻ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി +61470483697 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *