കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
1936 സെപ്റ്റംബർ 13-ന് കോതമംഗലത്തിനടുത്ത് ഊന്നുകല്ലിൽ ജനിച്ച കുരുവിള, തദ്ദേശസ്വയംഭരണ രംഗത്തുകൂടിയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1964 മുതൽ 1978 വരെ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായി വളർന്നു. 2006-ലും 2011-ലും കോതമംഗലം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുരുവിള, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, റബർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും സഹകരണ-സാമൂഹിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന കുരുവിള മികച്ച സംഘാടകനും കർഷക നേതാവുമായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

