തിരുവനന്തപുരം: തന്റെ വസതിയുമായി ബന്ധപ്പെട്ട ഇഡി പരിശോധനയുടെ പശ്ചാത്തലത്തിൽ സിപിഎം നടത്തിയ പ്രതിഷേധങ്ങളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ന്യായീകരിച്ചു. ഇഡി റെയ്ഡുകൾ നടന്ന മറ്റു സ്ഥലങ്ങളിലെയും പോലെ തന്നെ സിപിഎം പ്രവർത്തകർ സമാധാനപരമായാണ് പ്രതികരിച്ചതെന്നും പ്രതിഷേധം നിയമപരവും ജനാധിപത്യപരവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, റെയ്ഡ് നടന്ന സമയത്ത് താൻ വീട്ടിലുണ്ടായിരുന്നുവെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തിപരമായി ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മകൾ വീണ വിജയന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾക്കെതിരെ ഇഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നാണ് തന്റെ ആരോപണമെന്ന് പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനരീതി പ്രതിഷേധാർഹമാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, കൂടുതൽ ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. കേന്ദ്ര സർക്കാരുമായി സംസ്ഥാനം നല്ല ബന്ധം നിലനിർത്തുന്നതിൽ തെറ്റില്ലെങ്കിലും സാമ്പത്തിക ഫെഡറലിസത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മറ്റ് ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും സമാന അനുഭവങ്ങളാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും പിണറായി വിജയൻ പ്രതികരിച്ചു. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ നീക്കിയിരുപ്പുണ്ടായിരുന്നുവെന്നും പൊതുകടത്തിന്റെ അനുപാതം 2021-ലെ 39 ശതമാനത്തിൽ നിന്ന് 2026-ൽ 34 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

