ഗാസയിൽ പട്ടിണിയും അരക്ഷിതാവസ്ഥയും രൂക്ഷം; പെൺകുട്ടികളുടെ ബാലവിവാഹം വർധിക്കുന്നതായി റിപ്പോർട്ട്

ഗാസ:യുദ്ധം തകർത്ത ഗാസ മുനമ്പിൽ പട്ടിണിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും കാരണം പെൺകുട്ടികളുടെ ബാലവിവാഹ നിരക്ക് ഗണ്യമായി വർധിക്കുന്നതായി അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോർട്ട്. തുടർച്ചയായ സൈനിക നീക്കങ്ങളും ഉപരോധവും മൂലം ജീവിതസാഹചര്യങ്ങൾ അതികഠിനമായ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ കുടുംബങ്ങൾ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് തിരിയുന്നത്.

ഗാസയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും കടുത്ത പട്ടിണി അഭിമുഖീകരിക്കുകയാണ്. ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും ലഭ്യമല്ലാത്തതും വരുമാനമാർഗങ്ങൾ പൂർണ്ണമായി തകർന്നതും കുടുംബങ്ങളെ കടുത്ത സാമ്പത്തിക ബാധ്യതയിലാക്കിയിട്ടുണ്ട്.

സുരക്ഷിതമായ താമസസൗകര്യങ്ങളുടെ അഭാവവും അഭയാർത്ഥി ക്യാമ്പുകളിലെ തിങ്ങിനിറഞ്ഞ ജീവിതവും പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കളിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ക്യാമ്പുകളിലെ ദുരിതജീവിതത്തിൽ നിന്ന് പെൺകുട്ടികൾക്ക് സംരക്ഷണം വിവാഹം മാത്രമാണ് ഏകവഴിയെന്ന് പല കുടുംബങ്ങളും കരുതുന്നു

പെൺകുട്ടികളെ വിവാഹം കഴിച്ചയക്കുന്നതിലൂടെ കുടുംബത്തിലെ ഭക്ഷണച്ചെലവ് കുറയ്ക്കാമെന്നതും, വിവാഹത്തിലൂടെ ലഭിക്കുന്ന ചെറിയ സാമ്പത്തിക സഹായം (മഹർ) മറ്റ് കുടുംബാംഗങ്ങളുടെ നിലനിൽപ്പിന് ഉപകരിക്കുമെന്നതുമാണ് മാതാപിതാക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്. പുതിയ കുടുംബത്തിൽ പെൺകുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്ന പ്രതീക്ഷയും ഇതിന് പിന്നിലുണ്ട്

യുദ്ധസമാനമായ സാഹചര്യങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ തകർച്ചയും ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.യുദ്ധവും പട്ടിണിയും കവർന്നെടുക്കുന്ന ഗാസയിലെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും, പെൺകുട്ടികൾ നേരിടുന്ന സവിശേഷമായ അതിക്രമങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആവർത്തിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അടിയന്തരമായി മാനുഷിക സഹായങ്ങൾ ലഭ്യമാക്കുകയും യുദ്ധസാഹചര്യങ്ങൾക്ക് അറുതി വരുത്തുകയും ചെയ്യാത്ത പക്ഷം ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *