കൊൽക്കത്തയുൾപ്പെടെ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും കുറഞ്ഞത് എട്ട് പേർ മരിച്ചു. മണിക്കൂറിൽ 88 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊൽക്കത്തയിലെ സർക്കുലർ റെയിൽവേ ട്രാക്കിന് സമീപം വൈദ്യുതി ലൈനിലേക്ക് വീണ മാവിന്റെ ശാഖയിൽപ്പെട്ട് ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മിഡ്നാപൂർ, പുരുലിയ, ഝാർഗ്രം എന്നിവിടങ്ങളിലും കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.
നിരവധി മരങ്ങൾ കടപുഴകി വീഴുകയും റോഡ്, റെയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. ചില വിമാന സർവീസുകൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസങ്ങളിലും ദക്ഷിണ ബംഗാളിലെ ചില ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

