മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി

കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി തീരുമാനിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിഎംആർഎൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച് ഹർജിക്കെതിരെ വാദിക്കാനാണ് ഇഡിയുടെ നീക്കം. ഇഡിക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരാകും. അതേസമയം, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ ഹാജരാക്കാനാണ് സിഎംആർഎല്ലിന്റെ ശ്രമം. മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സിഎംആർഎൽ അപ്പീൽ നൽകിയിരിക്കുന്നത്.

നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ, അതേ വിഷയത്തിൽ ഇഡി നടത്തുന്ന സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നാണ് കമ്പനിയുടെ വാദം. കൂടാതെ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നും സിഎംആർഎൽ കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻപ് ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം നിലനിൽക്കുന്നുവെന്നത് ഇഡിയുടെ അന്വേഷണത്തിന് തടസമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിഎംആർഎൽ പുതിയ അപ്പീൽ നൽകിയത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെയാണ് 1.72 കോടി രൂപ കൈമാറിയതെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മാസപ്പടി കേസ്. കേസുമായി ബന്ധപ്പെട്ട് കമ്പനി ഉദ്യോഗസ്ഥർക്കെതിരെയും ഇഡി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *