ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിൽ പരസ്യങ്ങളുടെ ദൈർഘ്യം മണിക്കൂറിൽ 12 മിനിറ്റായി പരിമിതപ്പെടുത്തുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ചട്ടം ഡൽഹി ഹൈക്കോടതി ശരിവച്ചു. ചട്ടത്തിനെതിരെ വിവിധ ടെലിവിഷൻ ബ്രോഡ്കാസ്റ്റർമാർ സമർപ്പിച്ച ഹർജികൾ കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് അനിൽ ക്ഷേത്രപാൽ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പൊതുജനങ്ങളുടെ കാഴ്ചാനുഭവം സംരക്ഷിക്കുന്നതിനും അമിതമായ വാണിജ്യ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനുമായി ട്രായ് നിയമപരമായ അധികാരപരിധിക്കുള്ളിൽ നിന്നാണ് ചട്ടം കൊണ്ടുവന്നതെന്ന് കോടതി നിരീക്ഷിച്ചു. 2012-13 കാലഘട്ടത്തിൽ നടപ്പാക്കിയ ചട്ടപ്രകാരം ഒരു മണിക്കൂറിൽ പരമാവധി 10 മിനിറ്റ് വാണിജ്യ പരസ്യങ്ങളും രണ്ട് മിനിറ്റ് ചാനലിന്റെ സ്വന്തം പ്രമോഷൻ പരസ്യങ്ങളും മാത്രമേ സംപ്രേഷണം ചെയ്യാൻ അനുവദിക്കൂ. പരസ്യവരുമാനമാണ് ടെലിവിഷൻ ചാനലുകളുടെ പ്രധാന വരുമാനസ്രോതസെന്നും ഈ നിയന്ത്രണം അവരുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നും ബ്രോഡ്കാസ്റ്റർമാർ വാദിച്ചു. എന്നാൽ പൊതുസമ്പത്തായ എയർവേവും സ്പെക്ട്രവും നിയന്ത്രിതമായി ഉപയോഗിക്കേണ്ടതുണ്ടെന്നും പ്രേക്ഷകരുടെ താത്പര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.
2013 മുതൽ കോടതിയുടെ പരിഗണനയിലായിരുന്ന ഹർജികളിലാണ് ഇപ്പോൾ അന്തിമവിധി വന്നത്. ഇതോടെ പരസ്യസമയപരിധി ലംഘിക്കുന്ന ചാനലുകൾക്കെതിരെ ട്രായിക്ക് നിയമനടപടി സ്വീകരിക്കുന്നതിന് വഴിയൊരുങ്ങിയിട്ടുണ്ട്.

