കെനിയയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ തീപിടിത്തം; എട്ട് വിദ്യാർത്ഥിനികൾ അറസ്റ്റിൽ

നൈറോബി: കെനിയയിലെ ഒരു പെൺകുട്ടികളുടെ ബോർഡിംഗ് സ്കൂളിലെ ഹോസ്റ്റലിൽ ഉണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിൽ 16 വിദ്യാർത്ഥിനികൾ മരിക്കുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ

കെനിയയിലെ നകുരു കൗണ്ടിയിലെ ഗിൽഗിൽ പ്രദേശത്തെ ഉതുമിഷി ഗേൾസ് അക്കാദമിയിലായിരുന്നു സംഭവം.കെനിയൻ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ (DCI) പ്രാഥമിക അന്വേഷണത്തിൽ തീപിടിത്തം ആസൂത്രിതമായ അഗ്നിബാധയാകാമെന്ന സംശയം ഉയർന്നതിനെ തുടർന്നാണ് എട്ട് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിനികൾ, അധ്യാപകർ, മറ്റ് സാക്ഷികൾ എന്നിവരിൽ നിന്ന് മൊഴിയെടുത്തതോടൊപ്പം സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഹോസ്റ്റലിൽ തീപിടിത്തമുണ്ടായത്. ഹോസ്റ്റലിന്റെ മുകളിലെ നിലയിൽ തീ പടർന്നതോടെ നിരവധി വിദ്യാർത്ഥിനികൾ രക്ഷപ്പെടാൻ ജനലുകളിൽ നിന്ന് ചാടേണ്ടിവന്നതായി റിപ്പോർട്ടുകളുണ്ട്.

ചില അടിയന്തരപാതകൾ പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ അറിയിച്ചു. സ്കൂളിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ബോർഡ് പിരിച്ചുവിടാൻ കെനിയൻ സർക്കാർ തീരുമാനിച്ചു. വിദ്യാർത്ഥിനികളുടെ പദ്ധതിയെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നുവെന്ന് ആരോപിച്ച് രണ്ട് അധ്യാപകരെതിരെയും അന്വേഷണം നടക്കുകയാണ്.

സംഭവത്തിന്റെ യഥാർത്ഥ കാരണം, അഗ്നിബാധയ്ക്ക് പിന്നിലെ ഉദ്ദേശ്യം എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദുരന്തബാധിതരായ വിദ്യാർത്ഥിനികൾക്കും കുടുംബങ്ങൾക്കും കെനിയ റെഡ് ക്രോസ് മാനസികവും വൈദ്യസഹായവും നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *