മ്യാൻമറിലെ വടക്കുകിഴക്കൻ ഷാൻ സംസ്ഥാനത്ത് ഉണ്ടായ വൻ സ്ഫോടനത്തിൽ കുറഞ്ഞത് 46 പേർ കൊല്ലപ്പെട്ടു. നിരവധി കുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്. 70-ത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചൈന അതിർത്തിക്കു സമീപമുള്ള നാംഖം ടൗൺഷിപ്പിലെ കൗങ്‌തുപ് ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സ്ഫോടനം. ഖനനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ജെലിഗ്നൈറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് നിയന്ത്രണമുള്ള താങ് നാഷ്ണൽ ലിബറേഷൻ ആർമി (TNLA)യുടെ സാമ്പത്തിക വിഭാഗം ഖനന-കല്ല് ഖനന പ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സംഭരിച്ചിരുന്നതായി സംഘടന പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും സംഘടന വ്യക്തമാക്കി.
സ്ഫോടനത്തിൽ 100-ത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പ്രദേശത്തെ ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു. മരണസംഖ്യ 50 മുതൽ 55 വരെ എത്തിയേക്കാമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. 2021ലെ സൈനിക അട്ടിമറിക്കുശേഷം ആഭ്യന്തര സംഘർഷം തുടരുന്ന മ്യാൻമറിലെ വിമത നിയന്ത്രണ മേഖലയിലാണ് സംഭവം നടന്നത്.

