ഇറാൻ പ്രസിഡന്റ് മഷൂദ് പെഷസ്കിയാൻ രാജി വെച്ചെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ ഇറാൻ സർക്കാർ തള്ളി. പ്രസിഡന്റ് സ്ഥാനമൊഴിയാൻ രാജിക്കത്ത് സമർപ്പിച്ചെന്ന വാർത്തകൾ “പൂർണമായും വ്യാജം” ആണെന്നും അദ്ദേഹം പതിവുപോലെ ഔദ്യോഗിക ചുമതലകൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാർ വക്താക്കളും പ്രസിഡന്റിന്റെ ഓഫിസും വ്യക്തമാക്കി.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് (IRGC) സർക്കാരിന്റെ അധികാര മേഖലകളിൽ കൂടുതൽ നിയന്ത്രണം സ്ഥാപിച്ച സാഹചര്യത്തിൽ പ്രസിഡന്റ് രാജി സമർപ്പിച്ചുവെന്നാണ് ചില അന്തർദേശീയ മാധ്യമങ്ങളും ഇറാൻ പ്രതിപക്ഷ അനുകൂല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. പ്രധാന തീരുമാനങ്ങളിൽ നിന്ന് പ്രസിഡന്റിനെയും സർക്കാരിനെയും മാറ്റിനിർത്തിയതായും നിലവിലെ സാഹചര്യത്തിൽ ഭരണച്ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞതായുമാണ് റിപ്പോർട്ടുകളിലെ ആരോപണം. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് പിന്നാലെ ഇറാൻ സർക്കാർ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി.
പ്രസിഡന്റിന്റെ രാജിയെക്കുറിച്ചുള്ള പ്രചാരണങ്ങൾ വിദേശ മാധ്യമങ്ങളുടെ “മാധ്യമ കളി” മാത്രമാണെന്നും രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രസിഡന്റിന്റെ ഓഫിസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതികരിച്ചു. അമേരിക്കയുമായുള്ള സംഘർഷം, പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധി, സാമ്പത്തിക ഉപരോധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഇറാനിലെ ഭരണകൂടത്തിനും സുരക്ഷാ സ്ഥാപനങ്ങൾക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ പ്രസിഡന്റ് രാജിവെച്ചെന്ന കാര്യം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ഔദ്യോഗികമായി സർക്കാർ അത് നിഷേധിച്ചിരിക്കുകയാണെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പ്രസിഡന്റ് പെസെഷ്കിയാൻ അധികാരത്തിൽ തുടരുമെന്നും ദേശീയ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇറാൻ ഭരണകൂടം ആവർത്തിച്ചു. നിലവിൽ രാജി സ്വീകരിച്ചതായോ സ്ഥാനമൊഴിഞ്ഞതായോ യാതൊരു ഔദ്യോഗിക അറിയിപ്പും ഇറാനിൽ നിന്ന് പുറത്തുവന്നിട്ടില്ല.

