മെൽബൺ: പ്രവാസ ജീവിതത്തിന്റെ പറയാതെ പോയ നൊമ്പരങ്ങളും സ്നേഹവും ത്യാഗവും കുടുംബബന്ധങ്ങളുടെ ചൂടും ഒരുമിച്ച് കോർത്തിണക്കി ഒരുക്കിയ ഹൃദയസ്പർശിയായ സോഷ്യൽ ഡ്രാമ “പ്രവാസി” ഈ വരുന്ന ജൂൺ 6-ന് മെൽബൺ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ടീം പ്രണവം അണിയിച്ചൊരുക്കുന്ന ഈ ശ്രദ്ധേയമായ നാടകം മൂണി പോണ്ട്സിലെ പ്രശസ്തമായ ക്ലോക്ക് ടവർ സെന്റർ (Clocktower Centre) വേദിയിലാണ് അരങ്ങേറുന്നത്.
ഇതിനകം മുന്നൂറിലധികം വേദികളിൽ വിജയകരമായി അവതരിപ്പിക്കപ്പെടുകയും മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ചരിത്രമുള്ള നാടകമാണ് “പ്രവാസി”. ജീവിതത്തിന്റെ പ്രവാസത്തിരക്കുകളിലും സ്വന്തം നാടിനെയും ബന്ധങ്ങളെയും സ്വപ്നങ്ങളെയും ഹൃദയത്തിൽ ചേർത്തുപിടിച്ച് ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ഇത് ദൃശ്യവൽക്കരിക്കുന്നത്.
അകലങ്ങളിൽ ജീവിച്ചാലും മനസ്സ് ഇന്നും നാട്ടിൻപുറങ്ങളിലെ ഓർമ്മകളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ യഥാർത്ഥ ജീവിതാനുഭവങ്ങളാണ് നാടകത്തിലൂടെ വേദിയിൽ പുനർജനിക്കുന്നത്. സ്നേഹത്തിന്റെ മാധുര്യവും വേർപിരിയലിന്റെ വേദനയും കുടുംബബന്ധങ്ങളുടെ ആഴവും ജീവിത പോരാട്ടങ്ങളുടെ യാഥാർത്ഥ്യവും അതീവ ഹൃദയസ്പർശിയായ രീതിയിലാണ് ഈ നാടകം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
മെൽബണിലെ പ്രമുഖരും പ്രതിഭാധനരുമായ കലാകാരൻമാരാണ് ഈ നാടകത്തിനായി അണിനിരക്കുന്നത്. ജൂൺ 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഈ സാംസ്കാരിക കലാവിരുന്നിലേക്ക് എല്ലാ നല്ല നാടകപ്രേമികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. നല്ല നാടകങ്ങളെ സ്നേഹിക്കുന്നവർക്ക് മറക്കാനാകാത്തൊരു അനുഭവമാകാൻ ഒരുങ്ങുന്ന “പ്രവാസി”യുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി https://clocktowercentre.com.au/pravasi-social-drama/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

