കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം; നിയമലംഘനങ്ങൾക്ക് കർശന നടപടികൾ

ന്യൂഡൽഹി: രാജ്യത്തേക്കുള്ള വിദേശികളുടെ പ്രവേശനം, താമസം, രജിസ്ട്രേഷൻ, പുറത്തുപോക്ക് എന്നിവ കൂടുതൽ ഏകീകൃതവും കർശനവുമായ രീതിയിൽ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതികൾ നടപ്പാക്കി. പുതിയ വ്യവസ്ഥകൾ 2025-ൽ പാസാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിൻേഴ്സ് ആക്ട് അടിസ്ഥാനമാക്കിയുള്ളതാണ്.

പുതിയ നിയമക്രമം പ്രകാരം വിദേശികൾക്ക് സാധുവായ പാസ്‌പോർട്ടും വിസയും നിർബന്ധമാണ്. രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തുപോകലും സർക്കാർ നിശ്ചയിച്ച ഇമിഗ്രേഷൻ ചെക്ക്പോസ്റ്റുകൾ വഴിയാകും. വിദേശികളുടെ രജിസ്ട്രേഷൻ, താമസവിവരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും വിവരശേഖരണം എന്നിവ സംബന്ധിച്ച ബാധ്യതകളും കൂടുതൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട നാല് പഴയ നിയമങ്ങൾ റദ്ദാക്കി അവയെ ഏകീകരിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. രാജ്യസുരക്ഷ, അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, ഹവാല ഇടപാടുകൾ, മയക്കുമരുന്ന് ശൃംഖലകൾ എന്നിവയെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴയും മറ്റ് ശിക്ഷാനടപടികളും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനാകുന്ന തരത്തിലാണ് പുതിയ ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇമിഗ്രേഷൻ സംവിധാനത്തെ ആധുനികവത്കരിക്കുകയും വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നടപടിക്രമങ്ങൾ ഏകീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഈ ഭേദഗതികൾ നടപ്പാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *