ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. കുതിച്ചുയരുന്ന വിമാന ഇന്ധന (ATF) വിലയുടെ ആഘാതത്തിൽ നിന്ന് വിമാന കമ്പനികളെ സംരക്ഷിക്കുന്നതിനായി 10,000 കോടി രൂപയുടെ പ്രത്യേക ധനസഹായ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.വിമാന ഇന്ധനവില സ്ഥിരപ്പെടുത്തുന്നതിനായി എണ്ണ വിപണന കമ്പനികൾക്ക് (OMCs) പലിശരഹിത ബജറ്റ് പിന്തുണയായിട്ടാണ് ഈ 10,000 കോടി രൂപ നൽകുക. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കാരണം ആഗോളതലത്തിൽ ഇന്ധനവില വർധിച്ചതും, ഇതിന് പുറമെ പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയതും ആഭ്യന്തര വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവ് വലിയ തോതിൽ വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2026 മാർച്ചിൽ ലിറ്ററിന് 60.50 രൂപയായിരുന്ന വിമാന ഇന്ധനവില, മെയ് മാസമായപ്പോഴേക്കും 142 രൂപയായി കുതിച്ചുയർന്നിരുന്നു. ഇന്ധനവിലയിലുണ്ടായ ഈ വൻ വർധനവ് വിമാന കമ്പനികൾക്കുണ്ടാക്കുന്ന നഷ്ടം കുറയ്ക്കാൻ പുതിയ പാക്കേജ് സഹായിക്കും. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് നിയന്ത്രിക്കപ്പെടുന്നതിലൂടെ യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ വൻ വർധനവുണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. രാജ്യത്തെ ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും ഒരുപോലെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

