കോക്ക്രോച്ച് ജനതാ പാർട്ടിയുടെ ഡൽഹി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സോനം വാങ്ചുക്

വിദ്യാഭ്യാസ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖനുമായ സോനം വാങ്ചുക്, ജൂൺ 6-ന് ഡൽഹിയിൽ നടക്കുന്ന കോക്ക്രോച്ച് ജനതാ പാർട്ടി (CJP)യുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രദാൻ രാജിവെക്കണമെന്ന ആവശ്യത്തെ പിന്തുണച്ചാണ് അദ്ദേഹം സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് വാങ്ചുക് തന്റെ നിലപാട് വ്യക്തമാക്കിയത്. ജൂൺ 5-നകം നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നില്ലെങ്കിൽ ജൂൺ 6-ന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ നേരിട്ട് പങ്കെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

നീറ്റ്, സി യു ഇ റ്റി, സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാത്രമല്ല, രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയാണ് തനിക്ക് ആശങ്കയുണ്ടാക്കുന്നതെന്ന് വാങ്ചുക് പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള ലക്ഷ്യം വിജയകരമാകണമെങ്കിൽ വിദ്യാഭ്യാസ നയങ്ങൾ ഫലപ്രദമായി നടപ്പാക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോക്ക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനായ A അഭിജിത് ദീപ്കെയുമായി സംസാരിച്ച ശേഷമാണ് പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി. യുവജനങ്ങളുടെ യഥാർഥ ആശങ്കകളുടെ പ്രകടനമാണ് ഈ പ്രസ്ഥാനമെന്നും രാജ്യത്തെ മെച്ചപ്പെടുത്താനുള്ള ആത്മാർത്ഥ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 6-ന് ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോക്ക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം ജനപ്രീതി നേടിയ കോക്ക്രോച്ച് ജനതാ പാർട്ടിക്ക് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളുടെ പിന്തുണ ലഭിച്ചുവരികയാണ്. വാങ്ചുകിന്റെ പിന്തുണ ലഭിച്ചതോടെ ജൂൺ 6-ലെ പ്രതിഷേധത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *