സൂറിച്ച്: 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് റീയൂസബിൾ (വീണ്ടും ഉപയോഗിക്കാവുന്ന) വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നത് ഫിഫ നിരോധിച്ചു. ലോകകപ്പിനായുള്ള സ്റ്റേഡിയം പെരുമാറ്റച്ചട്ടത്തിൽ (Stadium Code of Conduct) അവസാന നിമിഷം വരുത്തിയ ഭേദഗതിയിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. മുൻ മാർഗനിർദേശപ്രകാരം ഒരു ലിറ്റർ വരെ ശേഷിയുള്ള സുതാര്യവും ഒഴിഞ്ഞതുമായ പ്ലാസ്റ്റിക് റീയൂസബിൾ ബോട്ടിലുകൾ സ്റ്റേഡിയത്തിനുള്ളിലേക്ക് അനുവദിക്കുമായിരുന്നു. എന്നാൽ ജൂൺ 2-ന് പുതുക്കിയ ചട്ടങ്ങളിൽ ഈ വ്യവസ്ഥ നീക്കം ചെയ്തു.
ബോട്ടിലുകൾ, കപ്പുകൾ, ജാറുകൾ, കാനുകൾ തുടങ്ങിയവ എറിഞ്ഞാൽ പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന സുരക്ഷാ കാരണമാണ് വിലക്കിന് ഫിഫ ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനിടെ ഉയർന്ന താപനില അനുഭവപ്പെടുന്ന വേദികൾ പലതുമുള്ളതിനാൽ ഫിഫയുടെ തീരുമാനം ആരാധക സംഘടനകളുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങളിലേക്ക് സ്വന്തം ബോട്ടിലുകൾ കൊണ്ടുവരാൻ കഴിയാത്തത് ആരാധകരുടെ ജലലഭ്യതയെ ബാധിക്കുമെന്നും നിർജലീകരണത്തിനും ഹീറ്റ് സ്ട്രോക്കിനും സാധ്യത വർധിപ്പിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആരാധകരുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തിയാണ് തീരുമാനമെന്ന് ഫിഫ വ്യക്തമാക്കി. ചൂടിനെ നേരിടാൻ സ്റ്റേഡിയങ്ങൾക്ക് സമീപം ഹൈഡ്രേഷൻ സ്റ്റേഷനുകൾ, കൂളിങ് ടെന്റുകൾ, മിസ്റ്റിങ് സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുമെന്നും സംഘടന അറിയിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കും. 104 മത്സരങ്ങളാണ് ഇത്തവണ നടക്കുക.

