ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇലോൺ മസ്ക് ഇടപെടുന്നു; ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നതായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ

യോർക്ക് : ഹെൻറി നൊവാക് കൊലപാതകക്കേസിന്റെ പശ്ചാത്തലത്തിൽ ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നും രാജ്യത്ത് ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആരോപിച്ചു. യോർക്കിൽ സന്ദർശനം നടത്തുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾക്കിടയിൽ പരസ്പരം ഭിന്നതയും വിദ്വേഷവും വളർത്താനാണ് മസ്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്റ്റാർമർ കുറ്റപ്പെടുത്തി. ഇത്തരം പെരുമാറ്റങ്ങൾ ബ്രിട്ടന്റെ യഥാർത്ഥ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇലോൺ മസ്ക് വീണ്ടും നമ്മുടെ രാഷ്ട്രീയത്തിൽ ഇടപെടുകയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയുമാണ്. എന്നാൽ ബ്രിട്ടനിലെ ജനങ്ങൾ ഇങ്ങനെയുള്ളവരല്ല” – കെയർ സ്റ്റാർമർ പറഞ്ഞു. കൊല്ലപ്പെട്ട ഹെൻറി നൊവാക്കിന്റെ കുടുംബത്തിന്റെ നിലപാടും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. തങ്ങളുടെ മകന്റെ വിയോഗം രാജ്യത്ത് കൂടുതൽ ഭിന്നതകൾ ഉണ്ടാക്കാൻ ആരും ഉപയോഗിക്കരുതെന്നും സമാധാനം പാലിക്കണമെന്നും നൊവാക്കിന്റെ കുടുംബം പരസ്യമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *