ദുബായ്- ദുബായ് രാജകുടുംബാംഗമായ ഷെയ്ഖ് സഈദ് ബിൻ മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ മുൻഭാര്യ സൈനബ് ജവാദ്ലിയെയും അവരുടെ മൂന്ന് പെൺമക്കളെയും കാണാതായതായി ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകൻ ഡേവിഡ് ഹെയ്ഗ് വ്യക്തമാക്കി. ജൂൺ 2 മുതൽ ഇവരുമായി യാതൊരുവിധത്തിലും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പെട്ടെന്നൊരു രാത്രിയിലാണ് സൈനബുമായുള്ള ആശയവിനിമയങ്ങൾ പൂർണ്ണമായി നിലച്ചത്. അതിനുശേഷം സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ നിയമപ്രതിനിധികൾക്കോ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ഡേവിഡ് ഹെയ്ഗ് കൂട്ടിച്ചേർത്തു.
2019-ൽ ഷെയ്ഖ് സഈദുമായി പിരിഞ്ഞതുമുതൽ മൂന്ന് മക്കളുടെയും സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് വലിയ നിയമപോരാട്ടത്തിലാണ് സൈനബ് ജവാദ്ലി. കുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് കൈമാറണമെന്നും ആവശ്യമെങ്കിൽ അധികാരികൾക്ക് അത് നടപ്പിലാക്കാമെന്നും ദുബായ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ സൈനബിന്റെ നിയമോപദേശക സംഘം ഐക്യരാഷ്ട്രസഭയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. മകളെ പിന്തുണയ്ക്കാൻ ദുബായിൽ എത്തിയ സൈനബിന്റെ അമ്മയ്ക്ക് രാജ്യം വിട്ടുപോകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതായും വിവരമുണ്ട്. അതേസമയം, ഉന്നയിക്കപ്പെട്ട ഈ അവകാശവാദങ്ങളോട് ദുബായ് പൊലീസോ ഷെയ്ഖ് സഈദിന്റെ പ്രതിനിധികളോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

