വാഷിംഗ്ടൺ- ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനലിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കാസ്ട്രോ കുടുംബത്തിലെ പ്രമുഖർക്കുമെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ, അദ്ദേഹത്തിന്റെ ഭാര്യ ലിസ് ക്യൂസ്റ്റ പെരാസ, മകൻ മിഗ്വൽ അനിഡോ ക്യൂസ്റ്റ എന്നിവർക്ക് പുറമെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയുടെ മകൻ അലക്സാൻഡ്രോ കാസ്ട്രോ എസ്പിൻ, കൊച്ചുമകൻ റൗൾ അലക്സാൻഡ്രോ കാസ്ട്രോ കാലിസ് എന്നിവർക്കെതിരെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചത്. ക്യൂബൻ ഭരണകൂടത്തിന് മേൽ ജനുവരി മുതൽ അമേരിക്ക ചെലുത്തിവരുന്ന സമ്മർദ്ദത്തിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണിത്.
പുതിയ ഉത്തരവ് പ്രകാരം ഉപരോധം നേരിടുന്നവരുടെ അമേരിക്കയിലുള്ള മുഴുവൻ ആസ്തികളും മരവിപ്പിക്കും. കൂടാതെ യുഎസ് കമ്പനികൾക്കോ വ്യക്തികൾക്കോ ഇവരുമായി യാതൊരുവിധ ബിസിനസ് ഇടപാടുകൾ നടത്തുന്നതിനും വിലക്കുണ്ടാകും. ക്യൂബയിൽ ഭരണമാറ്റം ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കങ്ങൾ. ക്യൂബൻ നേതൃത്വം തങ്ങളുടെ സമ്പദ്‌വ്യവസ്ഥ അമേരിക്കൻ നിക്ഷേപങ്ങൾക്കായി തുറന്നുകൊടുക്കാനും യുഎസിന്റെ ശത്രുക്കളെ രാജ്യത്തുനിന്ന് പുറത്താക്കാനും തയ്യാറായില്ലെങ്കിൽ രാജ്യം സൗഹൃദപരമായി പിടിച്ചെടുക്കുമെന്ന ഭീഷണി ട്രംപ് ഇതിനകം ഉയർത്തിയിട്ടുണ്ട്. ക്യൂബയുമായി ഒരു കരാറിലെത്താൻ ട്രംപിന് താല്പര്യമുണ്ടെങ്കിലും ഇപ്പോഴത്തെ ഭരണകൂടവുമായി നയതന്ത്ര ചർച്ചകൾ സാധ്യമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുന്നത്.
ഈ വർഷം ജനുവരിയിൽ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ ക്യൂബയിലേക്കുള്ള ഇന്ധന വിതരണം തടഞ്ഞുകൊണ്ട് ട്രംപ് ഊർജ്ജ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കടുത്ത വൈദ്യുതി പ്രതിസന്ധിയും ആഹാരസാധനങ്ങളുടെ ദൗർലഭ്യവും മൂലം വലിയ സാമ്പത്തിക തകർച്ചയിലാണ് ക്യൂബ. ഇതിന് പുറമെ, 1996-ൽ മിയാമി ആസ്ഥാനമായുള്ള ക്യൂബൻ പ്രവാസികളുടെ സിവിലിയൻ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ ക്രിമിനൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത് ഹവാനയിലെ യുഎസ് എംബസിക്ക് മുന്നിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ ക്യൂബൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗായേസയ്ക്കും (GAESA) യുഎസ് നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അമേരിക്കയുടേത് പുതിയ ഭീഷണിയാണെന്നും ഉപരോധം ശക്തമാക്കി രാജ്യത്ത് സംഘർഷം വളർത്താനാണ് ട്രംപിന്റെ ശ്രമമെന്നും ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ പ്രതികരിച്ചു. യുഎസിന്റെ എല്ലാ നടപടികളെയും ആഭ്യന്തര ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായല്ല, മറിച്ച് ബാഹ്യമായ അധിനിവേശമായാണ് ക്യൂബൻ സർക്കാർ ജനങ്ങൾക്ക് മുന്നിൽ ചിത്രീകരിക്കുന്നത്. എന്നാൽ ഇത് നിലവിൽ രാജ്യം നേരിടുന്ന കടുത്ത ഇന്ധനക്ഷാമത്തിനോ വൈദ്യുതി പ്രതിസന്ധിക്കോ യാതൊരു പരിഹാരവും ഉണ്ടാക്കുന്നില്ല. റൗൾ കാസ്ട്രോയുടെ പിൻഗാമിയായി 2018-ലാണ് ഡിയാസ് കാനൽ അധികാരമേറ്റത്. കാസ്ട്രോ കുടുംബപ്പേരില്ലാതെ പതിറ്റാണ്ടുകൾക്ക് ശേഷം ക്യൂബയുടെ ഭരണതലപ്പത്തെത്തുന്ന ആദ്യ വ്യക്തിയായ അദ്ദേഹത്തിന്റെ കാലാവധി 2028 വരെയാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ 2028 വരെ ഡിയാസ് കാനൽ അധികാരത്തിൽ തുടരുമോ എന്ന ചോദ്യം വാഷിംഗ്ടൺ സജീവമാക്കുകയാണ്.

