സിഡ്നി- ഓസ്‌ട്രേലിയൻ പൊതുതിരഞ്ഞെടുപ്പ് സർവേകളിൽ ഭരണകക്ഷിയായ ലേബർ പാർട്ടിയെക്കാൾ മുന്നേറ്റം കാഴ്ചവച്ച് ജനശ്രദ്ധ നേടിനിൽക്കുന്ന വൺ നേഷൻ പാർട്ടി സ്വന്തം ഭവനനയം (Housing Policy) മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാവാതെ കടുത്ത പ്രതിസന്ധിയിൽ. വെള്ളിയാഴ്ച മാധ്യമങ്ങൾ നടത്തിയ മൂന്ന് വ്യത്യസ്ത തത്സമയ അഭിമുഖങ്ങളിലാണ് പാർട്ടിയുടെ പ്രമുഖ നേതാക്കൾ നയം വ്യക്തമാക്കാനാവാതെ പരസ്പരം വിരുദ്ധമായ പ്രസ്താവനകൾ നടത്തിയത്.
വിദേശികൾ ഓസ്‌ട്രേലിയയിൽ വാങ്ങിക്കൂട്ടിയിട്ടുള്ള വീടുകളും വസ്തുവകകളും രണ്ട് വർഷത്തിനകം വിറ്റഴിക്കണം, അല്ലാത്തപക്ഷം സർക്കാർ അത് കണ്ടുകെട്ടും എന്നതായിരുന്നു വൺ നേഷൻ പാർട്ടിയുടെ പ്രധാന പ്രഖ്യാപനം. എന്നാൽ ഈ നിയമം ഓസ്‌ട്രേലിയയിലെ സ്ഥിരതാമസക്കാരായ (Permanent Residents) വിദേശികൾക്കും ബാധകമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിലാണ് പാർട്ടി പൂർണ്ണമായും പതറിയത്. സ്കൈ ന്യൂസിന് നൽകിയ ആദ്യ അഭിമുഖത്തിൽ പാർട്ടി എംപി ബാർണബി ജോയ്സ് പറഞ്ഞത് സ്ഥിരതാമസക്കാരും തങ്ങളുടെ വസ്തുവകകൾ നിർബന്ധമായും വിറ്റഴിക്കണമെന്നാണ്. “വസ്തു നിലനിർത്തണമെങ്കിൽ ഓസ്‌ട്രേലിയൻ പൗരത്വം നേടുക, അത്രതന്നെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഈ പ്രസ്താവന വലിയ പൊതുജനപ്രതിഷേധത്തിന് കാരണമായതോടെ, തിരുത്തുമായി അദ്ദേഹം അതേ ചാനലിൽ തന്നെ രണ്ടാമതും അഭിമുഖം നൽകേണ്ടി വന്നു. പുതിയ നിയമം സ്ഥിരതാമസക്കാർക്ക് ബാധകമല്ലെന്ന് രണ്ടാമത്തെ അഭിമുഖത്തിൽ അദ്ദേഹം തിരുത്തിപ്പറഞ്ഞു.
തൊട്ടുപിന്നാലെ സിഡ്നിയിലെ 2GB റേഡിയോയിൽ സംസാരിച്ച പാർട്ടി സെനറ്റർ സീൻ ബെല്ലിനും പോളിസിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. രണ്ട് വർഷത്തിനകം വിറ്റഴിക്കാത്ത വീടുകൾ സർക്കാർ എങ്ങനെ കണ്ടുകെട്ടുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സെനറ്റർക്ക് സാധിച്ചില്ല. ഇതോടെ അഭിമുഖം പൂർണ്ണമായും പരാജയമാണെന്ന് വിലയിരുത്തി റേഡിയോ അവതാരകൻ മാർക്ക് ലെവി അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ചു. വൺ നേഷൻ പാർട്ടിയുടെ ഭവന പദ്ധതി എങ്ങനെയാണ് പ്രാവർത്തികമാക്കുക എന്ന് വിശദീകരിക്കാൻ പോലും അവർക്ക് കഴിയുന്നില്ലെന്ന് പ്രതിപക്ഷ ഡെപ്യൂട്ടി ലീഡർ ജെയിൻ ഹ്യൂം പരിഹസിച്ചു.
വിവാദം കൊഴുത്തതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പാർട്ടിയുടെ മുഖ്യ നേതാവ് പോളിൻ ഹാൻസന് തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തിറങ്ങേണ്ടി വന്നു. താൽക്കാലിക വിസയുള്ളവർക്കും വിദേശത്ത് താമസിക്കുന്ന വിദേശ പൗരന്മാർക്കും മാത്രമാണ് ഈ രണ്ട് വർഷത്തെ സമയപരിധിയെന്നും സ്ഥിരതാമസക്കാരെ ഇത് ബാധിക്കില്ലെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കൂടാതെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും താൽക്കാലിക വിസക്കാർക്കും ഭാവിയിൽ ഓസ്‌ട്രേലിയയിൽ വസ്തുവകകൾ വാങ്ങുന്നതിൽ നിന്ന് വൺ നേഷൻ പാർട്ടി വിലക്കേർപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും അടിസ്ഥാനപരമായ ഹോംവർക്ക് പോലുമില്ലാതെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഇറങ്ങുന്ന രാഷ്ട്രീയ പാർട്ടികളുടെ പോളിസി പരാജയമാണ് വൺ നേഷൻ പാർട്ടിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

