ബോണ്ടി ഷൂട്ടിംഗ് ഹീറോ അഹമ്മദ് അൽ അഹമ്മദിനെതിരെ മർദ്ദനത്തിനും ഭീഷണിപ്പെടുത്തലിനും കേസ്

സിഡ്നി- കഴിഞ്ഞ ഡിസംബറിൽ സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ തോക്കുധാരിയെ കീഴ്പ്പെടുത്തി അനേകം പേരുടെ ജീവൻ രക്ഷിച്ച ‘ഹീറോ’ അഹമ്മദ് അൽ അഹമ്മദിനെതിരെ (44) മർദ്ദനത്തിനും ഭീഷണിപ്പെടുത്തലിനും പോലീസ് കേസെടുത്തു. സ്വന്തം പിതാവിനെ വീട്ടിൽ വെച്ച് ആക്രമിച്ചുവെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദ് തന്റെ പിതാവിനെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്നും മർദ്ദിച്ചുവെന്നും ആരോപിക്കപ്പെടുന്നു. ഇതിനെത്തുടർന്ന് പിതാവിന്റെ സുരക്ഷയ്ക്കായി പോലീസ് അഹമ്മദിനെതിരെ അപ്രഹെൻഡഡ് വയലൻസ് ഓർഡർ (AVO) പുറപ്പെടുവിച്ചു. പിതാവിനെ മർദ്ദിക്കാനോ, പിന്തുടരാനോ, ഭീഷണിപ്പെടുത്താനോ പാടില്ലെന്നും അദ്ദേഹത്തിന്റെ വീടിനും ജോലിസ്ഥലത്തിനും 100 മീറ്റർ ചുറ്റളവിൽ പ്രവേശിക്കരുത് എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 29-ന് അഹമ്മദ് കോടതിയിൽ ഹാജരാകണം.

കഴിഞ്ഞ ഡിസംബർ 14-ന് ബോണ്ടി ബീച്ചിലെ ജൂത ഉത്സവത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് തോക്കുധാരികളിൽ ഒരാളെ സാഹസികമായി കീഴ്പ്പെടുത്തിയ അഹമ്മദിന്റെ പ്രവൃത്തിയെ ലോകം മുഴുവൻ പ്രശംസിച്ചിരുന്നു. ഈ ധീരതയ്ക്കുള്ള ആദരമായി ഇക്കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തിന് നഗരത്തിന്റെ കീ (Key to the City), ആജീവനാന്ത ബീച്ച് പാസ് എന്നിവ നൽകി ആദരിക്കുകയുമുണ്ടായി. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അഹമ്മദിന്റെ ചികിത്സയ്ക്കായി ലോകമെമ്പാടുനിന്നും ഏകദേശം 2.6 മില്യൺ ഡോളർ (ഏകദേശം 14 കോടി രൂപ) സമാഹരിക്കപ്പെട്ടിരുന്നു.

പിന്നീട് അഹമ്മദിന്റെ രണ്ട് സഹോദരങ്ങൾ ഫോണിലൂടെ വിളിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും ഓരോരുത്തരും ഒരു ലക്ഷം ഡോളർ വീതം ആവശ്യപ്പെട്ടതായും പരാതിയുണ്ടായിരുന്നു. ഈ കേസിൽ സഹോദരങ്ങൾ കുറ്റം നിഷേധിച്ചിട്ടുണ്ട്. നേരത്തെ അഹമ്മദിന്റെ ധീരതയെ വാനോളം പുകഴ്ത്തിയിരുന്ന പിതാവ് മുഹമ്മദ് ഫത്തേ അൽ അഹമ്മദ്, പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *