വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കൗമാരക്കാരൻ വിക്ടോറിയയിൽ ഭീകരവിരുദ്ധ വിചാരണ നേരിടും; ചരിത്രത്തിലാദ്യം

മെൽബൺ- യാത്രക്കാരുമായി പറന്നുയരാൻ തയ്യാറായ വിമാനം തോക്കും വ്യാജ ബോംബുമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കൗമാരക്കാരൻ വിക്ടോറിയൻ ചരിത്രത്തിൽ ഭീകരവാദക്കുറ്റം ചുമത്തപ്പെട്ട് ഉയർന്ന കോടതിയിൽ വിചാരണ നേരിടുന്ന ആദ്യത്തെ കുട്ടിയാകും. കേസ് ഗൗരവമേറിയതാണെന്ന് വിലയിരുത്തി കുട്ടികളുടെ കോടതിയിൽ (Children’s Court) നിന്നും ഉയർന്ന കോടതിയിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

2025 മാർച്ചിൽ മെൽബണിലെ അവലോൺ വിമാനത്താവളത്തിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സിഡ്നിയിലേക്ക് 173 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെടാൻ തയ്യാറായ ജെറ്റ്സ്റ്റാർ വിമാനത്തിലേക്ക് ഷോട്ഗൺ, കത്തികൾ, വ്യാജ ബോംബ് എന്നിവയുമായാണ് അന്ന് 17 വയസ്സുണ്ടായിരുന്ന പ്രതി അതിക്രമിച്ചു കയറിയത്. വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് (പൈലറ്റ് ക്യാബിൻ) പ്രവേശനം ആവശ്യപ്പെട്ട ഇയാൾ, തന്റേടുത്ത് ബോംബുണ്ടെന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഷോട്ഗൺ കൂട്ടിച്ചേർക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൈലറ്റും ഒരു യാത്രക്കാരനും ചേർന്ന് ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു. ആളുകളെ ഭയപ്പെടുത്താനാണ് താൻ ഇത് ചെയ്തതെന്നും മാസങ്ങളായി ഇതിനായി പദ്ധതിയിട്ടിരുന്നുവെന്നും പ്രതി സമ്മതിച്ചതായി കോടതി വ്യക്തമാക്കി.

പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ കേസ് കുട്ടികളുടെ കോടതിയിൽ തന്നെ നിലനിർത്തണമെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. എന്നാൽ രാഷ്ട്രീയ പ്രേരിതമായി നടത്തിയ ഈ നീക്കം അതീവ ഗുരുതരമാണെന്നും യാത്രാവിമാനത്തിലെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുട്ടികളുടെ കോടതി നൽകുന്ന ശിക്ഷകൾ അപര്യാപ്തമാണെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി, കേസ് കൗണ്ടി കോടതിയിലേക്കോ സുപ്രീം കോടതിയിലേക്കോ മാറ്റാൻ അനുമതി നൽകുകയായിരുന്നു. നിലവിൽ 19 വയസ്സുള്ള പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസ് ജൂൺ 19-ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *