ഭക്ഷണസാധനങ്ങൾ പൊതിയുന്നതിനും വിളമ്പുന്നതിനും പത്രക്കടലാസ് ഉപയോഗിക്കരുത്: കർശന നിർദ്ദേശവുമായി എഫ്.എസ്.എസ്.എ.ഐ

മുംബൈ: ഭക്ഷണസാധനങ്ങൾ പൊതിയുന്നതിനും വിളമ്പുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (FSSAI) വെസ്റ്റേൺ റീജിയൻ എല്ലാ ഭക്ഷ്യവ്യവസായ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. പത്രക്കടലാസുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നടപടി.

മുംബൈയിലെ പ്രശസ്തനായ ഒരു വടാപാവ് വ്യാപാരി പത്രക്കടലാസിൽ ഭക്ഷണം പൊതിഞ്ഞു നൽകി യതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവത്തിന് പിന്നാലെയാണ് എഫ്.എസ്.എസ്.എ.ഐ പുതിയ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. സംഭവത്തെത്തുടർന്ന് എഫ്.എസ്.എസ്.എ.ഐയും മുംബൈ കോർ പ്പറേഷനും (ബി.എം.സി) സംയുക്തമായി ഈ വ്യാപാരിക്കെതിരെ നടപടിയെടുത്തിരുന്നു. നഗര ത്തിലുടനീളം സമാനമായ രീതി തുടരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ ഇപ്പോൾ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

പത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ ലെഡ് (ഈയം), മറ്റ് ഹെവി മെറ്റലുകൾ എന്നിവയുൾപ്പെടെയുള്ള ദോഷകരമായ രാസവസ്തുക്കളും പിഗ്മെന്റുകളും അടങ്ങിയിട്ടുണ്ടെന്ന് എഫ്.എസ്.എസ്.എ.ഐ ചൂണ്ടിക്കാട്ടി. ഇവ ഭക്ഷണത്തിലേക്ക് പടരുന്നത് വഴി വിട്ടുമാറാത്ത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, വിതരണ ഘട്ടങ്ങളിലും കൈകാര്യം ചെയ്യുമ്പോഴും പത്രങ്ങൾ ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനാൽ ഇവയിൽ രോഗകാരികളായ ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടാകാം. ഇത് പലവിധ പകർച്ചവ്യാധികൾക്കും കാരണമാകും.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര (പാക്കേജിങ്) ചട്ടങ്ങൾ-2018 പ്രകാരം ഭക്ഷണം സൂക്ഷിക്കുന്നതിനും പൊതിയുന്നതിനും പത്രക്കടലാസുകളോ സമാനമായ മറ്റ് സാമഗ്രികളോ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. വറുത്ത പലഹാരങ്ങളിലെ അധിക എണ്ണ തുടയ്ക്കുന്നതിനോ പാകം ചെയ്ത ഭക്ഷണം മൂടിവെക്കുന്നതിനോ പോലും പത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. തെരുവ് കച്ചവടക്കാർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ വ്യാപാരികളും അംഗീകൃത ഫുഡ്-ഗ്രേഡ് പാക്കേജിങ് സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും എഫ്.എസ്.എസ്.എ.ഐ നിർദ്ദേശിച്ചു. പൊതുജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *