പദ്മ അവാർഡുകൾ 2027; നാമനിർദ്ദേശങ്ങൾ ജൂലൈ 31 വരെ സമർപ്പിക്കാം

ന്യൂഡൽഹി: 2027-ലെ പദ്മ അവാർഡുകൾക്കായുള്ള (Padma Awards-2027) നാമനിർദ്ദേശങ്ങളും ശുപാർശകളും സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 15 മുതൽ ആരംഭിച്ച നാമനിർദ്ദേശ പ്രക്രിയ പൂർണ്ണമായും ഓൺലൈൻ വഴിയാണ് നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഔദ്യോഗിക പീപ്പിൾസ് നാഷണൽ അവാർഡ് പോർട്ടലായ ‘രാഷ്ട്രീയ പുരസ്കാർ പോർട്ടൽ’ (Rashtriya Puraskar Portal) മുഖേന മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളായ പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നീ പുരസ്കാരങ്ങൾക്കായി പൊതുജനങ്ങൾക്ക് സ്വയം നാമനിർദ്ദേശം ചെയ്യാനും മറ്റുള്ളവരെ ശുപാർശ ചെയ്യാനും ഇതിലൂടെ അവസരമുണ്ട്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എൻജിനീയറിങ്, പബ്ലിക് അഫയേഴ്സ്, സിവിൽ സർവീസ്, വ്യാപാരം-വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയാണ് ഈ പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്.

പദ്മ പുരസ്കാരങ്ങളെ ജനകീയ പദ്മ അവാർഡുകളാക്കി (People’s Padma) മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, സമൂഹത്തിലെ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പ്രതിഭകളെയും വനിതകൾ, പിന്നാക്ക വിഭാഗങ്ങൾ, ദിവ്യാംഗർ എന്നിവരെയും കണ്ടെത്തി നാമനിർദ്ദേശം ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *