ലക്ഷദ്വീപിൽ 47 വർഷത്തെ മദ്യനിരോധനം പിൻവലിച്ചു; ലൈസൻസുള്ള വിൽപ്പനയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ലക്ഷദ്വീപിൽ 1979 മുതൽ നിലവിലുണ്ടായിരുന്ന മദ്യനിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചു. ഇതോടെ 47 വർഷത്തിന് ശേഷം യൂണിയൻ ടെറിട്ടറിയിൽ ലൈസൻസുള്ള ഔട്ട്‌ലെറ്റുകൾ വഴി നിയന്ത്രിത രീതിയിൽ മദ്യം വിൽക്കാനുള്ള വഴി തുറന്നു. മദ്യനിരോധനം നടപ്പാക്കിയിരുന്ന ലക്ഷദ്വീപ് പ്രൊഹിബിഷൻ റെഗുലേഷൻ, 1979 റദ്ദാക്കിയാണ് നടപടി.

മുമ്പ് ബംഗാരം ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ചില സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്കുമായിരുന്നു മദ്യം ലഭ്യമായിരുന്നത്. പുതിയ തീരുമാനത്തോടെ മറ്റ് പ്രദേശങ്ങളിലും ലൈസൻസുള്ള വിൽപ്പനയ്ക്ക് അനുമതി ലഭിക്കും. വിനോദസഞ്ചാര മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തീരുമാനം വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളെ ബാധിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ മദ്യലഭ്യത വർധിപ്പിക്കുന്ന നടപടികൾക്കെതിരെ ലക്ഷദ്വീപ് എം.പി. എം. ഹംദുള്ള സഈദും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ മദ്യനിരോധനം ദീർഘകാലമായി നിലവിലുണ്ടായിരുന്നു. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ മദ്യവിൽപ്പന, ലൈസൻസിംഗ്, നിയന്ത്രണ സംവിധാനം എന്നിവ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ഭരണകൂടം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *