വിദേശ വിദ്യാർത്ഥികളുടെ വിസ നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യവുമായി പോളിൻ ഹാൻസൻ; നിലവിലെ സംവിധാനം ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ആരോപണം

കാൻബറ: ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാർത്ഥികളുടെ വിസ ക്രമീകരണങ്ങളെ ലക്ഷ്യമിട്ട് പുതിയ നയരൂപീകരണ നിർദ്ദേശവുമായി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ. നിലവിലെ വിസ സംവിധാനം വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് രാജ്യത്തെ ഭവനക്ഷാമം രൂക്ഷമാക്കാൻ കാരണമാകുന്നുണ്ടെന്നും ഹാൻസൻ ആരോപിച്ചു.

പുതിയ നിർദ്ദേശപ്രകാരം, പഠനം പകുതിവഴിയിൽ ഉപേക്ഷിക്കുന്ന (Drop out) വിദേശ വിദ്യാർത്ഥികൾക്ക് തുടർന്ന് രാജ്യത്ത് തുടരാനുള്ള ബ്രിഡ്ജിങ് വിസകൾ (Bridging Visas) നിഷേധിക്കണം. ഇത്തരക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ ശേഷം മാത്രമേ പുതിയ പഠന വിസയ്ക്കായി വീണ്ടും അപേക്ഷിക്കാൻ പാടുള്ളൂവെന്നും ഇതിനെതിരെ അപ്പീൽ നൽകാൻ അനുവാദം നൽകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബ്രിഡ്ജിങ് വിസയിലുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണം 13,000-ൽ നിന്ന് 107,000 ആയി ഉയർന്ന കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് നിലവിലെ സംവിധാനം കബളിപ്പിക്കപ്പെടുകയാ ണെന്ന് ഹാൻസൻ ആരോപിച്ചത്. കൂടാതെ, 2023-ൽ ഓസ്‌ട്രേലിയയിലെ ഒരു സർവ്വകലാശാലയിൽ ഒന്നാം വർഷ വിദേശ വിദ്യാർത്ഥികളുടെ പഠനം ഉപേക്ഷിക്കൽ നിരക്ക് 57.2 ശതമാനമായിരുന്നു എന്ന റിപ്പോർട്ടും അവർ ഇതിന് തെളിവായി നിരത്തി.

ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള എളുപ്പപ്പണത്തിന് അടിപ്പെട്ടിരി ക്കുകയാണെന്നും വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ ഈ സ്ഥാപനങ്ങൾക്ക് പങ്കുണ്ടെന്നും അവർ കുറ്റപ്പെടുത്തി. വൺ നേഷൻ പാർട്ടി മുന്നോട്ടുവെച്ച നയപരമായ നിർദ്ദേശം മാത്രമാണിത് എന്നതിനാൽ നിലവിലെ ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ഔദ്യോഗിക നിയമങ്ങളിലോ നയങ്ങളിലോ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *