ടെഹ്റാൻ: ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക ശക്തമാക്കിയ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് മാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു.
ഇറാന്റെ സംയുക്ത സൈനിക കമാൻഡാണ് എല്ലാ കപ്പൽ ഗതാഗതവും നിർത്തിവയ്ക്കുന്നതായി അറിയിച്ചത്. കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യം ഇറാനിലെ റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, സൈനിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ അമേരിക്കൻ സേനയ്ക്കും സഖ്യരാജ്യങ്ങൾക്കുമെതിരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. അതേസമയം, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ ആക്രമിക്കപ്പെട്ടെന്ന ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ അമേരിക്ക തള്ളി. മേഖലയിലൂടെ വാണിജ്യ കപ്പലുകളുടെ ഗതാഗതം ഇപ്പോഴും തുടരുകയാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
ലോകത്തെ സമുദ്രമാർഗ എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 94 ഡോളറിന് മുകളിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.
സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുകയും ആഗോള ഊർജ വിപണിയിലും കടൽവ്യാപാര മേഖലയിലും ആശങ്ക വർധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

