മാസപ്പടി കേസ്: വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് വീണ വിജയൻ

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ച ഹാജരാകില്ലെന്ന് ടി. വീണ ഇ.ഡിയെ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ നിശ്ചിത ദിവസം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു തീയതി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇമെയിൽ മുഖേന അപേക്ഷ സമർപ്പിച്ചു.

ഇ.ഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് വീണയ്ക്ക് സമൻസ് നൽകിയിരുന്നത്. അവധി അപേക്ഷയിൽ ഇ.ഡി. ഇന്ന് തീരുമാനമെടുക്കും. അപേക്ഷ അംഗീകരിച്ചാലും പിന്നീട് നിശ്ചയിക്കുന്ന മറ്റൊരു ദിവസത്തിൽ നേരിട്ട് ഹാജരാകണമെന്നാണ് നിലവിലെ നടപടിക്രമം.സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച പണത്തിന്റെ സ്വഭാവവും അതുമായി ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകാനാണ് ഇ.ഡി. നിർദേശിച്ചിരുന്നത്.

ഗുരുതര തട്ടിപ്പ് അന്വേഷണ ഓഫീസ് (എസ്.എഫ്.ഐ.ഒ.) നടത്തിയ അന്വേഷണത്തിൽ, സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് ഇല്ലാത്ത ചെലവുകൾ കാട്ടി 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആരോപണങ്ങളാണ് ഇ.ഡി. പരിശോധിക്കുന്നത്.

അന്വേഷണ രേഖകൾ പ്രകാരം, 2016 മുതൽ 2021 വരെ സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ സ്ഥാപനത്തിന് 2.78 കോടി രൂപ ലഭിച്ചതായും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നത്.

മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയനെ നേരിട്ട് ചോദ്യം ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് സമൻസ് നൽകിയിരുന്നത്. ഇ.ഡി.യുടെ തുടർനടപടികൾക്കായാണ് ഇപ്പോൾ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *