ടെഹ്റാന്റെ തിരിച്ചടി: ബഹ്റൈൻ, കുവൈത്ത്, ജോർദാനിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പുതിയ ഏറ്റുമുട്ടൽ.

അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ വീഴ്ത്തിയ സംഭവത്തെ തുടർന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാനിലെ വ്യോമപ്രതിരോധ, റഡാർ, നിരീക്ഷണ കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക ആക്രമണം നടത്തിയത്. ഇതിനുള്ള തിരിച്ചടിയായാണ് ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ്. സൈനിക സാന്നിധ്യമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.

ജോർദാനിലെ അൽ-അസ്റാഖ് വ്യോമതാവളം ഉൾപ്പെടെ നിരവധി ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ ജോർദാൻ സൈന്യം ഇറാനിൽ നിന്ന് വന്ന അഞ്ച് മിസൈലുകൾ തകർത്തതായി അറിയിക്കുകയും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. കുവൈത്തും ബഹ്റൈനും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി ആക്രമണങ്ങളെ ചെറുത്തതായി അറിയിച്ചു.

യു.എസ്. സൈനികർക്കോ പ്രധാന സൈനിക സൗകര്യങ്ങൾക്കോ കാര്യമായ നാശനഷ്ടമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകൾ ശക്തമായിട്ടുണ്ട്. ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ ധാരണ തകരാൻ സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്കിലെ സാഹചര്യം കൂടുതൽ സങ്കീർണമാകുകയാണെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *