മെൽബൺ: ഓസ്ട്രേലിയൻ ദേശീയ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മെൽബണിൽ നിന്നുള്ള മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്. വിക്ടോറിയയിലെ മെൽബൺ വോളർട്ടിൽ താമസിക്കുന്ന മലയാളികളായ രൂപേഷ്–സോനു ദമ്പതികളുടെ ഏക മകനാണ് പതിമൂന്നുകാരനായ റോവാൻ. വിക്ടോറിയൻ സംസ്ഥാന അത്ലറ്റിക്സ് മത്സരങ്ങളിലായി അഞ്ച് സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കിയാണ് റോവാൻ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഹ്യൂം ആംഗ്ലിക്കൻ ഗ്രാമർ സ്കൂളിനെ (Hume Anglican Grammar) പ്രതിനിധീകരിച്ച് ‘സ്കൂൾ സ്പോർട്ട് വിക്ടോറിയ സ്റ്റേറ്റ് ട്രാക്ക് ആൻഡ് ഫീൽഡ് ഫൈനൽസിൽ’ (School Sport Victoria State Track and Field Finals) 12–13 വയസ്സുകാരുടെ വിഭാഗത്തിലെ 100, 200, 400 മീറ്റർ സ്പ്രിന്റ് ഇനങ്ങളിൽ മൂന്ന് സ്വർണമെഡലുകളും റോവാൻ സ്വന്തമാക്കി. തുടർന്ന് നടന്ന ‘അത്ലറ്റിക്സ് വിക്ടോറിയ ഓൾ സ്കൂൾസ് ചാമ്പ്യൻഷിപ്പിൽ’ (Athletics Victoria All Schools Championships) അണ്ടർ-14 വിഭാഗത്തിൽ 100 മീറ്ററിലും 400 മീറ്ററിലും സ്വർണവും 200 മീറ്ററിൽ വെങ്കലവും നേടി. 100 മീറ്ററിൽ 11.78 സെക്കൻഡും 400 മീറ്ററിൽ 53.47 സെക്കൻഡുമാണ് താരത്തിന്റെ മികച്ച ഔദ്യോഗിക സമയങ്ങൾ.


വോളർട്ടിലെ മെഡോഗ്ലെൻ അത്ലറ്റിക്സ് ട്രാക്കിൽ (Meadowglen Athletics Track) വിറ്റിൽസി സിറ്റി അത്ലറ്റിക്സ് ക്ലബ്ബിനൊപ്പമാണ് (Whittlesea City Athletics Club) റോവാൻ പരിശീലനം നടത്തിയിരുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിൽ 100, 200, 400 മീറ്റർ വ്യക്തിഗത ഇനങ്ങൾക്ക് പുറമെ 100 മീറ്റർ റിലേ, 200 മീറ്റർ മിക്സഡ് റിലേ എന്നിവയിലും റോവാൻ മാറ്റുരയ്ക്കും. ഇതിനായി എസ്സെൻഡൺ (Essendon) ക്ലബ്ബിലെ പരിശീലകനായ സ്റ്റീവ് ഗാഫിയുടെ കീഴിൽ താരം തീവ്രപരിശീലനം ആരംഭിച്ചുകഴിഞ്ഞു.
ഡിസംബർ നാല് മുതൽ ആറ് വരെ പെർത്തിലാണ് ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ദേശീയ വേദിയിൽ മെഡൽ നേടുന്നതിനൊപ്പം സ്വന്തം സമയക്രമങ്ങൾ മെച്ചപ്പെടുത്തുകയാണ് റോവാന്റെ ലക്ഷ്യം. ഓസ്ട്രേലിയൻ മണ്ണിൽ ദേശീയ തലത്തിൽ റോവാന് മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ പ്രവാസി മലയാളി സമൂഹം.

