തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. നിലവിൽ വയനാട്, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വയനാട് ജില്ലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ എട്ട് കുട്ടികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വയനാട്ടിലെ നെന്മേനി പഞ്ചായത്തിൽ ആളുകൾ ഒത്തുകൂടുന്നതിന് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രദേശത്തെ സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വയറിളക്കവും പനിയും ബാധിച്ച് മുപ്പതോളം കുട്ടികൾ ഇവിടെ ചികിത്സയിലുണ്ട്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മൂന്ന് പേർക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഈ വർഷം ഇതുവരെ എൺപതിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വൻകുടലിനെ ബാധിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ലയ്ക്ക് കാരണം. കുട്ടികളിലാണ് രോഗബാധ കൂടുതൽ വേഗത്തിൽ പടരുന്നത്. ശക്തമായ വയറിളക്കം, പനി, വയറുവേദന, വിസർജ്യത്തിൽ രക്തത്തിന്റെ അംശം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗവ്യാപനം തടയുന്നതിനായി ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും, ഭക്ഷണ പദാർത്ഥങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

