മൂന്നാർ: ഇടുക്കി മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി പരത്തി വീണ്ടും കാട്ടാന ‘പടയപ്പ’യുടെ അക്രമണം. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിലാണ് ഇന്ന് പുലർച്ചെയോടെ പടയപ്പ എത്തിയത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം നിലയുറപ്പിച്ച കാട്ടാന മേഖലയിലെ വാഴകൃഷി വ്യാപകമായി നശിപ്പിച്ചു.
ഏകദേശം ഒരു മണിക്കൂറോളമാണ് ആന തൊഴിലാളി ലയങ്ങൾക്ക് സമീപമുള്ള കൃഷിയിടത്തിൽ തുടർന്നത്. ലയങ്ങൾക്ക് തൊട്ടടുത്ത് കാട്ടാന എത്തിയത് തോട്ടം തൊഴിലാളികളെയും കുടുംബങ്ങളെയും വലിയ രീതിയിൽ പരിഭ്രാന്തിയിലാക്കി. കൃഷിയിടത്തിലുണ്ടായിരുന്ന വാഴകൾ പൂർണ്ണമായും പിഴുതെറിഞ്ഞും തിന്നും നശിപ്പിച്ച ശേഷമാണ് പടയപ്പ ഇവിടെ നിന്നും പിന്മാറിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിന്റെ വിവിധ ജനവാസമേഖലകളിൽ പടയപ്പ നിരന്തരമായി ഇറങ്ങുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താനുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

