ഇംഫാൽ: മണിപ്പുരിൽ വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കാംജോംഗ് ജില്ലയിൽ അജ്ഞാത ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ വെടിയേറ്റ് മരിക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. മ്യാൻമർ അതിർത്തിക്കു സമീപമുള്ള കുൽടുഹ് (Kultuh) കുക്കി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർ ഗ്രാമത്തിലെ പള്ളി ഭാരവാഹികളായിരുന്നുവെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.
സുരക്ഷാസേന സംഭവസ്ഥലത്തെത്തിയെങ്കിലും ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു മാസമായി കാണാതായിരുന്ന ആറ് നാഗാ വിഭാഗക്കാരുടെ മൃതദേഹങ്ങൾ കുക്കി ഭൂരിപക്ഷ മേഖലയായ കാംഗ്പോക്പി ജില്ലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ അക്രമം ഉണ്ടായത്.
മേയിൽ മൂന്ന് കുക്കി ക്രൈസ്തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കുക്കി-നാഗാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായത്. തുടർന്ന് ഇരുവിഭാഗങ്ങളും പരസ്പരം ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് നടന്ന ചർച്ചകളിൽ ഇരുവിഭാഗവും 14 പേരെ വീതം മോചിപ്പിച്ചെങ്കിലും കാണാതായിരുന്ന ആറ് നാഗാ വിഭാഗക്കാരുടെ മൃതദേഹങ്ങളാണ് പിന്നീട് കണ്ടെത്തിയത്.
പുതിയ ആക്രമണത്തെ കുക്കി ബാപ്റ്റിസ്റ്റ് കൺവെൻഷൻ അപലപിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

