നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പിന്നീട്

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പിന്നീട് പ്രസ്താവിക്കാനായി മാറ്റി. അഞ്ച് ദിവസത്തെ വാദം പൂർത്തിയായ ശേഷമാണ് ഹർജി വിധിക്കായി മാറ്റിയത്.

ജാമ്യാപേക്ഷ പരിഗണിക്കവെ, നിതിൻ രാജിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നുമാണ് ഡോ. റാമിന്റെ ഭാഗം കോടതിയിൽ വാദിച്ചത്. കേസിൽ തന്നെ അനാവശ്യമായി പ്രതിയാക്കിയതാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

അതേസമയം, ഡോ. റാമിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാദത്തിനിടെ ഡോ. റാമിനെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. എന്നാൽ മാധ്യമങ്ങൾ അവരുടെ സാമൂഹിക ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *