ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ റീട്ടെയ്ൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഉണ്ടായേക്കാവുന്ന ഇന്ധനക്ഷാമം ഒഴിവാക്കാനും പൂഴ്ത്തിവയ്പ്പ് തടഞ്ഞ് വിപണിയിൽ സുഗമമായ വിതരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര നടപടി.
പുതിയ നിർദ്ദേശപ്രകാരം വൻകിട ഉപഭോക്താക്കൾ ഇനി മുതൽ റീട്ടെയ്ൽ ഔട്ട്ലെറ്റുകളെ ആശ്രയിക്കാതെ, സ്വന്തം കൺസ്യൂമർ പമ്പുകൾ വഴി മാത്രമേ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ. കൂടാതെ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഒരാൾക്ക് പ്രതിദിനം നൽകിക്കൂടാവുന്ന പരമാവധി ഡീസലിന്റെ അളവ് 200 ലിറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 90 ദിവസത്തേക്കാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പ്രതിസന്തിയില്ലാതെ ഇന്ധനം ലഭ്യമാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

