അരൂരിലെ ചെമ്മീൻ പീലിങ് സമരം ഒത്തുതീർന്നു; കൂലി വർദ്ധിപ്പിച്ചു

അരൂർ: കഴിഞ്ഞ മൂന്ന് ദിവസമായി അരൂരിലെ ചെമ്മീൻ പീലിങ് മേഖലയിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കും സമരത്തിനും ഒത്തുതീർപ്പായി. ചെമ്മീൻ പീലിങ് കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷെഡ്ഡ് ഉടമകൾ ഈ മാസം 11 മുതൽ പീലിങ് ഷെഡ്ഡുകൾ അടച്ചിട്ട് നടത്തിവന്ന സമരമാണ് കയറ്റുമതി സ്ഥാപനങ്ങളുടെ അസോസിയേഷനുമായി നടത്തിയ ചർച്ചയെത്തുടർന്ന് വിജയകരമായി അവസാനിച്ചത്.

പുതിയ കരാർ പ്രകാരം നിലവിലുള്ള കൂലിയായ 19 രൂപ 50 പൈസയിൽ നിന്നും 2 രൂപ വർദ്ധിപ്പിച്ച് 21 രൂപ 50 പൈസയായി നിശ്ചയിച്ചു. ഇതിന് പുറമെ ലേബർ ചാർജായി 25 പൈസയും വർദ്ധിപ്പിച്ചു നൽകും. പുതുക്കിയ ഈ നിരക്കുകൾ വരുന്ന തിങ്കളാഴ്ച (ഈ മാസം 15) മുതൽ പ്രാബല്യത്തിൽ വരുമെന്ന് സമരസമിതി ചെയർമാൻ വി.പി. ഹമീദും, ജനറൽ കൺവീനർ വി.ബി. അബ്ദുൽ ഗഫൂറും സംയുക്തമായി അറിയിച്ചു.

പീലിങ് മേഖലയിലെ ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രിയും, മറൈൻ പ്രോഡക്റ്റ് ഇൻഡസ്ട്രിയൽ അസോസിയേഷനും സംയുക്തമായിട്ടായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. സമരത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രശ്നപരിഹാരത്തിനായി സഹകരിച്ച എല്ലാ മേഖലയിലുള്ളവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഷെഡ്ഡുകൾ വീണ്ടും തുറക്കുന്നതോടെ മേഖലയിലെ തൊഴിൽ അന്തരീക്ഷം സാധാരണ നിലയിലാകും.

Leave a Reply

Your email address will not be published. Required fields are marked *