മലയിടംതുരുത്ത് ഭൂമി തർക്കത്തിന് പരിഹാരം: ദളിത് കുടുംബങ്ങൾക്ക് അതേ മണ്ണിൽ അഞ്ച് സെന്റ് ഭൂമിയും വീടും നൽകും

കൊച്ചി: ഏറെ നാളായി വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച എറണാകുളം കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് ഒടുവിൽ ശാശ്വത പരിഹാരം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ കളക്ടറേറ്റിൽ വെച്ച് നടന്ന അനുരഞ്ജന ചർച്ചയിലാണ് ഇരുവിഭാഗവും അംഗീകരിച്ച സമവായ ഫോർമുല രൂപപ്പെട്ടത്.

ദീർഘകാലത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി നേടിയെടുത്ത അന്തരിച്ച കണ്ണാട്ട് ശങ്കരൻ നായരുടെ കുടുംബം, നിലവിൽ അവിടെ താമസിക്കുന്ന 7 ദളിത് കുടുംബങ്ങൾക്ക് തർക്കഭൂമിയിലുള്ള 2.69 ഏക്കറിൽ നിന്ന് 5 സെന്റ് വീതം ഭൂമി വിട്ടുനൽകാൻ സമ്മതിച്ചു.

സ്പോൺസർഷിപ്പ് വഴി കണ്ടെത്തുന്ന ഫണ്ട് ഉപയോഗിച്ച് ഈ 5 സെന്റ് പ്ലോട്ടുകളിൽ സർക്കാർ മുൻകൈ എടുത്ത് ഒരു വർഷത്തിനകം പുതിയ വീടുകൾ നിർമ്മിച്ച് നൽകും. കൂടാതെ ഇവിടേക്ക് പുതിയ പഞ്ചായത്ത് റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ ഈ കുടുംബങ്ങൾക്ക് നിലവിലുള്ള വീടുകളിൽ തന്നെ സുരക്ഷിതമായി തുടരാം.

സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് മുൻപ് നടന്ന കുടിയൊഴിപ്പിക്കൽ ശ്രമങ്ങളെ പ്രതിരോധിച്ച സമരസമിതി പ്രവർത്തകർക്കും പ്രദേശവാസികൾക്കുമെതിരെ പോലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും സർക്കാർ പിൻവലിക്കും.

മലയിടംതുരുത്ത് പര്യത്ത്കാവിലെ 7 കുടുംബങ്ങൾ തങ്ങൾ തലമുറകളായി താമസിക്കുന്ന മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടാതിരിക്കാൻ സി.പി.ഐ(എം) നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിലിന്റെ പിന്തുണയോടെ ശക്തമായ സമരം നടത്തിവരികയായിരുന്നു. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ സ്വകാര്യ ഭൂവുടമയ്ക്ക് അനുകൂലമായിരുന്നതിനാൽ നിയമപരമായ വലിയൊരു പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കാൻ പോലീസ് എത്തിയപ്പോഴൊക്കെ വലിയ സംഘർഷങ്ങൾക്കും ഇത് കാരണമായിരുന്നു.കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പ്രശ്നം പരിഹരിക്കേണ്ടതുണ്ടായിരുന്നതിനാൽ സർക്കാർ അടിയന്തരമായി ഇടപെടുകയായിരുന്നു. ചർച്ച വിജയകരമായതോടെ പര്യത്ത്കാവ് ആക്ഷൻ കൗൺസിൽ തങ്ങളുടെ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരം അവസാനിപ്പിച്ചതായി അറിയിച്ചു.

ശനിയാഴ്ച നടന്ന ചർച്ചയിൽ കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ, റവന്യൂ ഉദ്യോഗസ്ഥർ, ഇരുവിഭാഗം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പുതിയ സമവായ കരാർ ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *