തിരുവനന്തപുരം: ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സ്ത്രീകൾക്ക് വലിയ രീതിയിലുള്ള സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് സർക്കാർ സ്ത്രീകൾക്ക് നൽകുന്ന ഒരു ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്ത്രീകൾക്ക്, പ്രത്യേകിച്ച് ദൈനംദിന യാത്രകൾക്കായി വലിയ തുക ചിലവഴിക്കേണ്ടി വരുന്ന സാധാരണക്കാരായ വനിതകൾക്ക് ഈ പദ്ധതി അങ്ങേയറ്റം സഹായകരമായി മാറും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും പൊതുഇടങ്ങളിലെയും തൊഴിൽ മേഖലകളിലെയും പങ്കാളിത്തം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും കെ.എസ്.ആർ.ടി.സി.യുടെ ഓർഡിനറി സർവീസുകളിൽ ഇതിലൂടെ പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാം.

