ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ‘നമ്മോ ഭാരത്’ ട്രെയിനുകൾ ജനപ്രിയ സർവീസായി മുന്നേറുന്നു. വൻ യാത്രാക്ലേശവും പൊതുഗതാഗത സംവിധാനങ്ങളുടെ പരിമിതികളും നേരിട്ടിരുന്ന 2014-ന് മുൻപുള്ള സാഹചര്യങ്ങളിൽ നിന്നും മാറി, ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ് (RRTS) ഇടനാഴിയിലെ 82 കിലോമീറ്റർ ദൂരം ഇപ്പോൾ പൂർണ്ണമായും പ്രവർത്തനസജ്ജമായിരിക്കുകയാണ്. നിലവിൽ പ്രതിദിനം 95,000-ത്തോളം യാത്രക്കാരാണ് ഈ ആധുനിക അതിവേഗ ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്.
ഡൽഹിക്കും മീററ്റിനുമിടയിലുള്ള യാത്രാസമയം വെറും ഒരു മണിക്കൂറിൽ താഴെയായി ചുരുക്കാൻ നമ്മോ ഭാരത് സർവീസുകൾക്ക് സാധിച്ചിട്ടുണ്ട്. മുൻപ് മണിക്കൂറുകളോളം നീണ്ടിരുന്ന വലിയ യാത്രാക്ലേശങ്ങൾക്കാണ് ഇതോടെ ശാശ്വത പരിഹാരമായിരിക്കുന്നത്. ഉയർന്ന വേഗതയും അത്യാധുനിക സുരക്ഷാ സൗകര്യങ്ങളുമുള്ള ഈ സെമി ഹൈസ്പീഡ് റെയിൽ സംവിധാനം യാത്രക്കാർക്ക് മികച്ച യാത്രാനുഭവമാണ് സമ്മാനിക്കുന്നത്.
തലസ്ഥാന മേഖലയിലെ റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കുന്നതിനൊപ്പം സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനും ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഘട്ടംഘട്ടമായി വികസിപ്പിച്ച ഡൽഹി-മീററ്റ് ഇടനാഴി പൂർണ്ണ തോതിൽ സജ്ജമായതോടെ ഈ റൂട്ടിലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഈ അതിവേഗ ഗതാഗത സംവിധാനത്തിലേക്ക് മാറുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ

