ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഒൻപത് വയസ്സുകാരിയായ ഓസ്ട്രേലിയൻ-പാകിസ്താനി പെൺകുട്ടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കവർച്ചാശ്രമത്തിനിടയിലേക്ക് മെഷീൻ ഗണ്ണുകളുമായി എത്തിയ പഞ്ചാബ് പ്രവിശ്യയിലെ പുതിയ പ്രത്യേക പൊലീസ് വിഭാഗമായ ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റ് (CCD) ഉദ്യോഗസ്ഥരാണ് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്. വിവാദപരമായ ഈ പൊലീസ് വിഭാഗത്തിന്റെ പ്രവർത്തനം അടിയന്തരമായി നിയന്ത്രിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
പെർത്തിലെ ഓസ്ട്രേലിയൻ ഇസ്ലാമിക് കോളേജിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനിയ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഹാനിയയും കുടുംബവും പഞ്ചാബ് പ്രവിശ്യയിലെ ചക്വാലിലുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ ഒരു സംഘം കവർച്ചക്കാർ കുടുംബത്തെ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. തങ്ങളുടെ ജീവൻ അപായപ്പെടുത്തരുതെന്ന് അപേക്ഷിച്ച് സാധനങ്ങൾ കൈമാറാൻ കുടുംബം തയ്യാറായതുമാണ്.
എന്നാൽ ഈ സമയത്ത്, തൊട്ടടുത്ത സ്റ്റേഷനിൽ നിന്നും മെഷീൻ ഗണ്ണുകളുമായി എത്തിയ സി.സി.ഡി (CCD) ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് വരികയും, കവർച്ചക്കാർക്ക് ഒപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച കുടുംബത്തിന് നേരെയും യാതൊരു ജാഗ്രതയുമില്ലാതെ തുരുതുരാ വെടിയുതിർക്കുകയുമായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
നാല് വെടിയുണ്ടകൾ ഏറ്റ ഹാനിയ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണപ്പെട്ടു. അക്രമത്തിൽ ഹാനിയയുടെ പിതാവ് അദീലിന് രണ്ട് തവണ വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തിന്റെ 11 വയസ്സുകാരനായ മകൻ ആഫാനും രണ്ട് വെടിയേറ്റ് റാവൽപിണ്ടിയിലെ ബെനസീർ ഭൂട്ടോ ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെ ഹജ്ജ് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബം തിങ്കളാഴ്ച ഓസ്ട്രേലിയത്തിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് ഈ ദുരന്തം.
കവർച്ചക്കാരാണ് ആദ്യം വെടിവെച്ചതെന്നാണ് സി.സി.ഡി ചീഫ് സൊഹൈൽ സഫർ ചട്ട അവകാശപ്പെടുന്നത്. എന്നാൽ കവർച്ചക്കാർ അല്ല, മറിച്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ആദ്യം വെടിയുതിർത്തതെന്ന് പെൺകുട്ടിയുടെ പിതാവ് അദീൽ അഹമ്മദ് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു. കാറിലുള്ളത് കവർച്ചക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് പഞ്ചാബ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ആവശ്യപ്പെട്ടു.

