ലണ്ടൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിലെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. എണ്ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയപ്പോൾ, ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ റെക്കോർഡ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധികളിലൊന്നിന് ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ആഗോള വിപണി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയിൽ പ്രതിഫലിച്ചത്. തിങ്കളാഴ്ച അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 4 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 83 ഡോളർ (ഏകദേശം 62 പൗണ്ട്) എന്ന നിരക്കിലെത്തി. യൂറോപ്പിലെ മൊത്തവ്യാപാര ഗ്യാസ് വിലയിലും 6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ബ്രെന്റ് ക്രൂഡ് വില 73 ഡോളറായിരുന്നു. സമാധാന ചർച്ചകൾ പൂർത്തിയാകുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി പഴയപടിയാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ പ്രാഥമിക ധാരണയിലെത്തിയെന്ന വാർത്തകളെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയായ വാൾസ്ട്രീറ്റിൽ വൻ മുന്നേറ്റമാണുണ്ടായത്. ഡോ ജോൺസ് സൂചിക (Dow Jones) ഒരു ശതമാനം ഉയർന്ന് റെക്കോർഡ് സ്ഥാപിച്ചപ്പോൾ, ചെറുകിട കമ്പനികളുടെ റസ്സൽ 2000 (Russell 2000) സൂചിക 0.8 ശതമാനം നേട്ടത്തോടെ പുതിയ ഉയരങ്ങളിലെത്തി.
കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾ ചർച്ചകളെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും, ഇറാനുമായുള്ള കരാർ പൂർത്തിയായതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. “ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ… എണ്ണ ഒഴുകട്ടെ!” എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. വെള്ളിയാഴ്ച കരാർ ഒപ്പിട്ട ശേഷം മൈനുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പൂർത്തിയാക്കി ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും, അന്തിമ കരാറിലെത്തുന്നതിനായി ഇരുരാജ്യങ്ങൾക്കും 60 ദിവസത്തെ ചർച്ചാ കാലാവധി ഉണ്ടായിരിക്കുമെന്ന് ഇറാൻ അധികൃതർ അറിയിച്ചു. ഇറാന്റെ ആണവ പദ്ധതികളും അവർക്കുമേലുള്ള ഉപരോധങ്ങൾ നീക്കുന്നതും ഈ ചർച്ചകളുടെ പരിധിയിൽ വരും.

