മെൽബൺ: ഈ വർഷത്തെ വിക്ടോറിയൻ സർട്ടിഫിക്കറ്റ് ഓഫ് എജ്യുക്കേഷൻ (V.C.E) ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും മികച്ച മാർക്ക് നേടിയ മലയാളി വിദ്യാർത്ഥികളെ ‘കല ഓസ്ട്രേലിയ’ അവാർഡ് നൽകി ആദരിച്ചു. പഠന മികവിന്റെ മാനദണ്ഡങ്ങൾ മുൻനിർത്തി മെൽബണിലെ റാംലേ കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കല ഓസ്ട്രേലിയ പ്രസിഡന്റ് ജോസ് എം. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ജോർജ് തോമസ്, വൈസ് പ്രസിഡന്റ് ജോജി ജോൺ, ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു. മെൽബണിലെ വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിലാണ് വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തത്. എം.എ.വി പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, റവ. ഫാ. ജോബി ജോൺ, ഗിരീഷ് പിള്ള (ജെ.പി), ലാലുച്ചായൻ, ഷൈജുമോൻ കുന്നുമ്മേൽ (പുലരി), ഉദയൻ വേലായുധൻ (കേസി മലയാളി), നിഭാഷ് ശ്രീധരൻ (നവോദയ), ബേസിൽ ജോസഫ് (ക്ലൈഡ് മലയാളി), ഷെവലിയർ സജി ജോസഫ് എന്നിവർ ചേർന്ന് വി.സി.ഇ ടോപ്പേഴ്സ് അവാർഡുകൾ വിതരണം ചെയ്തു.
പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ മേരി അഞ്ചലാ ഡോമിനിക്, ആൻ മറിയം ജോൺ, ജെനീറ്റ ജെമിനി, ഡാനിയാ പോൾ, ലാവണ്യാ മോനിക്കാ ജ്യോതിസ്, ഐറിൻ മേരി ജോസഫ്, ഗബ്രിയേൽ റെനിസൺ, ആഷ്‌ലിൻ ജോഷി, അനികാ വിനോദ്, അതുൽ മുരളി എന്നീ വിദ്യാർത്ഥികളാണ് കലയുടെ പ്രത്യേക പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ചടങ്ങിന് കല ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപ്പള്ളി നന്ദി രേഖപ്പെടുത്തി.

