മറുനാട്ടിൽ മലയാളത്തിന് ഒരു അക്ഷരക്കൂട്; വായനാദിനത്തിൽ സിഡ്നിയിൽ ‘കേരള നാട് വായനശാല’ തുറക്കുന്നു

സിഡ്നി: കുഞ്ഞുണ്ണി മാഷിന്റെ “വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും” എന്ന വരികൾ നെഞ്ചിലേറ്റി ഡിജിറ്റൽ യുഗത്തിലും കടൽ കടന്ന് വായനയുടെ വസന്തം തീർക്കുകയാണ് ഒരു മലയാളി പ്രവാസി. കോട്ടയം ചിങ്ങവനം സ്വദേശിയും പതിനൊന്ന് വർഷമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനുമായ സിജു ജേക്കബാണ് ഓസ്ട്രേലിയൻ മണ്ണിൽ മലയാള ഭാഷയ്ക്കായി ഒരു ‘അക്ഷരക്കൂട്’ ഒരുക്കുന്നത്. സിഡ്നിക്ക് സമീപമുള്ള ഓറഞ്ചിലെ തന്റെ സ്വന്തം വസതിയിലെ ഒരു മുറി പൂർണ്ണമായും പുസ്തകങ്ങൾക്കായി മാറ്റിവെച്ചാണ് സിജു ഈ വലിയ സ്വപ്നത്തിന് അടിത്തറയിട്ടിരിക്കുന്നത്. ജൂൺ 19-ന് കേരളം വായനാദിനം ആചരിക്കുന്ന വേളയിൽ ഈ വായനശാല വായനക്കാർക്കായി തുറന്നുകൊടുക്കും.

താൻ ആരംഭിക്കുന്ന വായനശാലയ്ക്ക് ‘കേരള നാട്’ എന്ന പേര് സിജു തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു ഭൂതകാല ഓർമ്മയുണ്ട്. ന്യൂസീലൻഡിൽ പ്രവാസിയായിരുന്ന സമയത്ത് അവിടെയുള്ള മലയാളി സമൂഹത്തിനായി സിജു ‘കേരള നാട്’ എന്ന പേരിൽ ഒരു മലയാളം പത്രം നടത്തിയിരുന്നു. അച്ചടിയോടും അക്ഷരങ്ങളോടുമുള്ള ആ പഴയ പത്രപ്രവർത്തന കാലത്തിന്റെ ഓർമ്മകൾ നിലനിർത്താനാണ് പുതിയ സംരംഭത്തിനും ഇതേ പേര് നൽകിയത്. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിജു, കേവലം പുസ്തകങ്ങൾ വായിക്കുന്ന ഒരിടം എന്നതിലുപരി, ഓസ്ട്രേലിയയിലെ മലയാളികൾക്കായി സാഹിത്യ സാംസ്കാരിക പരിപാടികളും പുസ്തക ചർച്ചകളും സംഘടിപ്പിക്കുന്ന ഒരു വേദിയായി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ പ്രമുഖ സാഹിത്യ കൂട്ടായ്മയായ ‘തൃശൂർ ലിറ്റററി ഫോറം – ചേറൂർ സാഹിതി’ ഈ സംരംഭത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. വരും കാലങ്ങളിൽ കേരളത്തിലും ഓസ്ട്രേലിയയിലുമായി ഒരുമിച്ച് വിവിധ സാഹിത്യ പരിപാടികൾ സംഘടിപ്പിക്കാൻ ഇരു കൂട്ടായ്മകളും ലക്ഷ്യമിടുന്നു. കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൂട്ടായ്മകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളും സിജുവിന്റെ സ്വന്തം ശേഖരവും ചേർത്താണ് ലൈബ്രറിക്ക് തുടക്കമിടുന്നത്. മലയാളത്തിലെ ക്ലാസിക് കൃതികൾ മുതൽ ഏറ്റവും പുതിയ പുസ്തകങ്ങളും ബാലസാഹിത്യങ്ങളും ഇതിലുണ്ട്. പുസ്തകങ്ങൾ നാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് എത്തിക്കാനുള്ള ഭാരിച്ച സാമ്പത്തിക ബാധ്യത സിജു സ്വന്തം കയ്യിൽ നിന്നാണ് വഹിച്ചത്.

ഓസ്ട്രേലിയയിലെ പുസ്തകപ്രേമികളിലേക്ക് അക്ഷരങ്ങൾ എത്തിക്കുക എന്നതിനപ്പുറം, പ്രവാസ മണ്ണിൽ ജനിച്ചു വളരുന്ന പുതിയ തലമുറയിലെ കുട്ടികൾക്ക് മാതൃഭാഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കുക എന്ന വലിയൊരു ലക്ഷ്യം കൂടി ഈ വായനശാലയ്ക്ക് പിന്നിലുണ്ട്. കുട്ടികളിൽ മലയാളം വായന പ്രോത്സാഹിപ്പിക്കാനും, ഭാഷയുടെ മനോഹാരിത അവരിലേക്ക് പകർന്നു നൽകാനും ഈ വായനശാല ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *