തിരുവനന്തപുരം: രാജ്യത്തിന്റെ ആസൂത്രണ, വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ രാജ്യത്തെ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു. സെൻസസിന്റെ ഭാഗമായി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തിന്റെ ഭാവി വികസന പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൃത്യമായ സെൻസസ് വിവരങ്ങൾ അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന സെൽഫ് എന്യുമറേഷൻ രീതി സെൻസസ് നടപടികൾ കൂടുതൽ എളുപ്പമുള്ളതാക്കുന്നുണ്ട്. വ്യക്തികൾ നൽകുന്ന കൃത്യമായ വിവരങ്ങളാണ് രാജ്യത്തിന്റെ വികസന നയ രൂപീകരണത്തിന് അടിത്തറയാകുന്നത്. അതിനാൽ യാതൊരു മടിയും കൂടാതെ മുഴുവൻ ജനങ്ങളും ഈ പ്രക്രിയയുടെ ഭാഗമാകണമെന്നും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സഹകരിക്കണമെന്നും ഷീല തോമസ് കൂട്ടിച്ചേർത്തു.

